മന്‍പ്രീത് ഉത്തേജക കുരുക്കില്‍

ന്യൂഡല്‍ഹി: ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍. ഏഷ്യന്‍ മീറ്റിനു മുന്നോടിയായി പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതിനു താരത്തെ നാഡ (ദേശീയ ഉത്തേജക മരുന്നുവിരോധ ഏജന്‍സി) പിടികൂടി. നിരോധിത മരുന്നായ ഡൈമീഥൈല്‍ ബ്യൂട്ടൈലമീന്‍ മന്‍പ്രീത് ഉപയോഗിച്ചെന്നാണു നാഡയുടെ കണ്ടെത്തല്‍.

ഈ മരുന്ന് രാജ്യാന്തര ഉത്തേജക മരുന്നുവിരോധ ഏജന്‍സിയുടെ (വാഡ) പട്ടികയിലുമുണ്ട്. ഇതോടെ അടുത്ത മാസം ലണ്ടനില്‍ തുടങ്ങുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായി.
അതിനിടെ നിരോധിത മരുന്നുപയോഗത്തിന്റെ പേരില്‍ നാഡയുടെ കമ്മിറ്റിക്കു മുന്നില്‍ താരത്തിനു ഹാജരാകേണ്ടി വരും.

വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിലക്ക് ലഭിച്ചേക്കും. വിലക്കുണ്ടായാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മന്‍പ്രീതിന് കഴിയില്ല. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ മെഡലും നഷ്ടമാകും.

ഏപ്രിലില്‍ ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ 18.86 മീറ്റര്‍ എറിഞ്ഞാണു മന്‍പ്രീത് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത് (ലോക മീറ്റ് യോഗ്യത 17.75 മീറ്ററാണ്). ദേശീയ റെക്കോഡ് പ്രകടനമായിരുന്നു അത്.
2015ല്‍ എറിഞ്ഞ 17.96 മീറ്റര്‍ ആയിരുന്നു അതിനു മുമ്പ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് സ്വര്‍ണം നേടിയതിനോടൊപ്പം ലോക ചാമ്പ്യന്‍ഷിപ്പിനും പഞ്ചാബുകാരി യോഗ്യത നേടി.

പിന്നീട് ഫെഡറേഷന്‍ കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും സ്വര്‍ണം സ്വന്തമാക്കി.
അതിനിടെ പരിശോധന ഫലത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്‍പ്രീതിന്റെ പരിശീലകനും ഭര്‍ത്താവുമായ കരംജിത് പ്രതികരിച്ചു.