EXCLUSIVE: പുകസ യ്ക്ക് അമേരിക്കയില്‍ ബ്രാഞ്ച് തുറക്കാന്‍ സി.പി.എം ഒരുങ്ങുന്നു; എം.എ. ബേബി അമേരിക്കയിലേക്ക്

ഇടതുപക്ഷ അനുയായികള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമാണെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര അത്ര സജീവമായിരുന്നില്ല അടുത്ത കാലം വരെ എന്ന് തമാശയ്ക്കു പറയാം. എന്നാല്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഇടതുപക്ഷ വിശ്വാസികളെ സജീവമാക്കുവാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മോഡലില്‍ ‘അല'(ആര്‍ട് ലവേര്‍സ് ഓഫ് കേരള) എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിട്ടു മുന്നു വര്‍ഷം കഴിഞ്ഞു. സി.പി.എം എറണാകുളം ജില്ലാക്കമ്മിറ്റി സെക്രട്ടറി പി. രാജീവായിരുന്നു അലയുടെ ഉദ്ഘാടനം അന്ന് നിര്‍വഹിച്ചത് .

എന്നാല്‍ കേരളത്തില്‍ ഇടതു ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയിലും വേരുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘അല’ മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്.

കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊക്കെ അമേരിക്കയില്‍ ഓവര്‍സീസ് സംഘടനകള്‍ ഉണ്ട്. പക്ഷെ സി പി എമ്മിനോ, സി.പി.ഐക്കോ മറ്റു ഇടതുപക്ഷ പാര്‍ട്ടികള്‍ക്കോ അനുഭാവികള്‍ അല്ലാതെ ഓവര്‍സീസ് സംഘടനകള്‍ ഇല്ല. അതിനു കാരണം മറ്റൊന്നുമല്ല ഇടതു അനുയായികള്‍ ഗള്‍ഫ് മേഖലയില്‍ ഉള്ളതുപോലെ അമേരിക്കയില്‍ ഇല്ലാത്തതു തന്നെയാണ് കാരണം. ഇടതു വിശ്വാസികളില്‍ പലരും അത് പുറത്ത്പറയാനും മടിക്കുന്നതിന് കാരണം അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവുമാണ്.

എന്നാല്‍ രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കപ്പുറത്തു ഇടതു സഹയാത്രികരുടെ സംസ്‌കാരിക ബോധത്തിനും ,കലാ അഭിരുചികള്‍ക്കും ഉള്ള സാഹചര്യം കണക്കിലെടുത്തു മികച്ച ഒരു കലാ സാംസ്‌കാരിക സംഘടനയുടെ അസ്സാന്നിധ്യത്തില്‍ എല്ലാ വിഭാഗം പുരോഗമന ചിന്താഗതിക്കാരെയും ഒന്നിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അല മൂന്നാമത് വാര്‍ഷികത്തിലേക്കു കടക്കുന്നത്.

അലയുടെ മൂന്നാമത് വാര്‍ഷികവും ,നാഷണല്‍ കണ്‍വന്‍ഷനും നവംബര്‍ 26 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ന്യൂയോര്‍ക്ക് വൈറ്റ് പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോല്‍ ആമി ഓഡിറ്റോറിയത്തില്‍ ഇടതു ചിന്തകനും,മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം എ ബേബി ഉത്ഘാടനം ചെയ്യും.ന്യൂ യോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ‘അല’ ഇതോടുകൂടി മറ്റു സംസഥാനങ്ങളിലും ചാപ്റ്ററുകള്‍ തുടങ്ങുകയാണ് .കലാ പ്രദര്‍ശനങ്ങള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍,വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക എന്നിവയെല്ലാം ആണ് അലയുടെ പ്രവര്‍ത്തനങ്ങള്‍.2013 നവംബറില്‍ പി രാജീവാണു പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ അലയ്ക്കു തിരി കൊളുത്തിയത് .പുരോഗമന കലാ സാഹിത്യ പ്രസ്ഥാനവും,എം എ ബേബിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും ചാപ്റ്ററുകള്‍ ഉള്ള സ്വരലയുടെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമന സാംസ്‌കാരിക ചിന്തകള്‍ക്കും ,കലാപ്രവര്‍ത്തനങ്ങള്‍ക്കും എന്നും മുതല്‍ക്കൂട്ടായിരുന്നു.അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ,പുതു തലമുറയില്‍ വിവിധ കലാ രംഗംങ്ങളില്‍ ശോഭിക്കുന്ന നിരവധി ചെറുപ്പക്കാര്‍ അമേരിക്കയില്‍ ഉണ്ട് .പല മലയാളി സംഘടനകളിലും യുവജനങ്ങള്‍ അത്ര സജീവമല്ല .ജാതി,മത ,സാമുദായിക രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത പുതിയ ജനറേഷനെ കലയുടെ രംഗത്തു സജീവമാക്കുക ലക്ഷ്യവും ‘അല’യ്ക്കുണ്ട്.
കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്നു വന്നവരും,പുരോഗമന ആശയമുള്ളവരുടെയും കൂട്ടായ്മയാണ് അല യ്ക്ക് ചുക്കാന്‍ പിടിക്കുന്നത് .ഡോ: രവി .ടി. പിള്ള (പ്രസിഡന്റ്),ടെറന്‍സണ്‍ തോമസ്, രമേശ് നായര്‍ ,കെ.കെ ജോണ്‍സണ്‍ ,ഡോ:ജേക്കബ് തോമസ് ,മനോജ് മഠത്തില്‍,കിരണ്‍ ചന്ദ്രന്‍,ബിജിമോന്‍ പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അലയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടക്കുന്നത് .പു .ക സ,സ്വരലയയുടെ മോഡലില്‍ ഒരു സാംസ്‌കാരിക സംഘടന അമേരിക്കയില്‍ സജീവമായാല്‍ ഇന്ത്യന്‍ കലകളുടെയും ,സംസ്‌കാരത്തിന്റെയും ഒരു പരിച്ഛേദം അമേരിക്കന്‍ മലയാളികളുടെ പുതു തലമുറയ്ക്ക് ആസ്വദിക്കുവാനും ,അതില്‍ പങ്കാളികള്‍ ആകുവാനും അവര്‍ക്കു സാധിക്കുകയും ചെയ്യും എന്നതില്‍ സംശയം ഇല്ല.