നോട്ട് പ്രതിസന്ധി: അമ്പലങ്ങളിലെ ഉത്സവ പരിപാടികള്‍ ഉപേക്ഷിക്കുന്നു

ദൈവപ്പുരകളും പ്രതിസന്ധിയിലേക്ക്

-ഹരി ഇലന്തൂര്‍-

കോട്ടയം: കറന്‍സി റദ്ദാക്കല്‍ മൂലം ഉണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് അമ്പലങ്ങളില്‍ നടത്താന്‍ തീരുമാനിച്ച ഉത്സവപരിപാടികള്‍ ഉപേക്ഷിക്കുന്നു. കുറിച്ചിത്താനം കൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ് ഒഴിവാക്കുന്നത്. വിശ്വാസികള്‍ പണമില്ലാതെ അലയുമ്പോള്‍ ഉത്സവം ആഘോഷപൂര്‍വ്വം നടത്തുന്നത് അനൗചിത്യമാണെന്ന ബോധ്യത്തിലാണ് ചടങ്ങുകള്‍ മാത്രമായി ചുരുക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ നാലുമുതല്‍ 11 വരെ നടത്താനിരുന്ന മുഴുവന്‍ ആഘോഷപരിപാടികളും റദ്ദാക്കി. അഞ്ച് ആനകളെ എഴുന്നള്ളിക്കാനുള്ള തീരുമാനം ഒന്നിലേക്ക് ചുരുക്കി. മേളത്തിന്റെ കൊഴുപ്പ് കുറയ്ക്കുവാനും തീരുമാനിച്ചു. കറന്‍സ് പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കിയ ചടങ്ങുകള്‍ മേജര്‍ സെറ്റ് കഥകളി, ഭക്തിഗാന സുധ, ക്ലാസിക്കല്‍ ഡാന്‍സ്, തിമില, തായമ്പക, സംഗീതക്കച്ചേരി എന്നിവ ഉള്‍പ്പെടുന്നു. 20 ലക്ഷം രൂപ പ്രതീക്ഷിച്ചിരുന്ന ബജറ്റ് അഞ്ച് ലക്ഷമായി ഒതുക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും ഉത്സവത്തിനായി വിപുലമായി പരിപാടികള്‍ ബുക്ക് ചെയ്ത് നോട്ടീസ് അടിച്ചശേഷമാണ് നാട്ടുകാര്‍ക്ക് ഉണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ആഘോഷപരിപാടികള്‍ ഉപേക്ഷിക്കുന്നത്. മേഗാ മ്യൂസിക്കല്‍ ഷോ, കഥകളി, നൃത്ത നാടകങ്ങള്‍, ഓട്ടംതുള്ളല്‍, മിമിക്രി, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ വിപുലമായ പരിപാടികള്‍ എല്ലാം ഉപേക്ഷിച്ചു.