കള്ളപ്പണം വെളുപ്പിക്കാന്‍ മാഫിയയുടെ പുതിയ തന്ത്രങ്ങള്‍

2000 രൂപയ്ക്ക് 1800 രൂപ തരും; ഭൂമിക്ക് മോഹവില വാഗ്ദാനം; ക്യൂ നില്‍ക്കാന്‍ 200 രൂപ ദിവസക്കൂലി; ഏജന്റുമാര്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നു

-നിയാസ് കരീം-

മലപ്പുറം: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കി രണ്ടാഴ്ച കഴിയുമ്പോള്‍ നാട്ടില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള പുതുവഴികളും പ്രചരിക്കുന്നു. നോട്ടുകള്‍ മാറിയെടുക്കുന്നതിനും പണം പിന്‍വലിക്കുന്നതിനും സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളിലൂടെ തന്നെയാണ് കള്ളപ്പണം വെളുപ്പിക്കപ്പെടുന്നത്. ഏജന്റുമാരെ ഇറക്കിയും ഉപഭോക്താക്കളെ നേരിട്ടുസമീപിച്ചുമൊക്കെ ബഹുമുഖ തന്ത്രങ്ങളാണ് പയറ്റുന്നത്.
അധ്വാനിച്ചുണ്ടാക്കിയ പണം തിരിച്ചെടുക്കാന്‍ പോലും അനുവദിക്കാത്ത വിധം സാധാരണക്കാര്‍ക്കു മേല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലത്തില്‍ കള്ളപ്പണക്കാര്‍ക്ക് തുണയാവുകയാണ്.
നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു മുതല്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരിനില്‍ക്കുന്നവരെ കള്ളപ്പണക്കാര്‍ സ്വാധീനിച്ചു തുടങ്ങിയിരുന്നു. 4000 രൂപ മാറ്റിവാങ്ങാന്‍ അന്യസംസ്ഥാന തൊഴിലാളികളെ ഇവര്‍ ഇറക്കുകയായിരുന്നു. ഇതിന്റെ ഫലമായി ബാങ്കുകളിലെ തിരക്കും കൂടി. ഈ പ്രവണത ഇപ്പോഴും തുടരുകയാണ്. നോട്ട് ക്ഷാമം രൂക്ഷമായതോടെ ഇതര ദേശക്കാര്‍ക്ക് പണി ഇല്ലാതായി. പണിയില്ലാത്ത ഇവരുടെ ക്യാമ്പുകളില്‍ അതിരാവിലെ തന്നെ എത്തി ബാങ്കില്‍ ക്യൂ നില്‍ക്കുന്ന പണി നല്‍കുകയാണ് കള്ളപ്പണ ഇടപാടുകാര്‍. നാലായിരം രൂപ മാറ്റി വന്നാല്‍ 200 രൂപ വരെയാണ് കൂലി. പണിയില്ലാത്തതിനാല്‍ ഇവര്‍ ഇത് വലിയ ആശ്വാസമായി കണ്ട് സ്വീകരിക്കുന്നു. ഇന്നലെ മുതല്‍ വിരലില്‍ മഷി പുരട്ടാന്‍ തുടങ്ങിയതോടെ ഈ തന്ത്രത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് അയച്ച് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കലാണ് പുതിയ തന്ത്രം. പണവുമായി മുങ്ങാതിരിക്കാന്‍ ഏജന്റുമാര്‍ മുഖേനയാണ് ഇവരെ നാട്ടിലേക്കയയ്ക്കുന്നത്.
സ്വന്തം അക്കൗണ്ടിലൂടെ 50000 രൂപ വരെ ഒരാള്‍ക്ക് രേഖകളില്ലാതെ നിക്ഷേപിക്കാമെന്നതിനാല്‍ അതുപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്യസംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും വര്‍ധിച്ചിരിക്കുന്നു. ഇതുവരെ ശൂന്യമായി കിടന്നിരുന്നതുമായ അക്കൗണ്ടുകള്‍ ഇപ്പോള്‍ 49,000 രൂപ നിക്ഷേപം വന്നു നിറയുകയാണ്. ഒരു വീട്ടില്‍ നിന്നു തന്നെ ഇത്തരത്തില്‍ കുറെയധികം അക്കൗണ്ടുകളില്‍ പണം വരുന്നുണ്ട്. പല ബാങ്കുകളില്‍ ഒന്നിലധികം അക്കൗണ്ടുള്ളവരും ഇങ്ങനെ പണം കൊണ്ടുപോയി നിക്ഷേപിക്കുന്നുണ്ട്.
കയ്യിലുള്ള പഴയ കോടികളുടെ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ കള്ളപ്പണക്കാര്‍ കണ്ടെത്തിയ മറ്റൊരു നല്ല മാര്‍ഗം സ്വര്‍ണമാണ്. വില അല്‍പ്പം കൂട്ടിയാണ് വാങ്ങുന്നത്. എങ്കിലും ഡിസംബര്‍ 30 നകം പണം ഉള്ളവ വെളുപ്പിച്ചെടുക്കാം. ഇതിനായി സ്വര്‍ണം വില്‍ക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി കാര്യങ്ങള്‍ സംസാരിച്ച് ഇടപാട് ഉറപ്പിക്കാന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പവന് ഇത്ര രൂപ എന്ന നിരക്കില്‍ കമ്മിഷന്‍ വാങ്ങിയാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
കറന്‍സി അസാധുവാക്കുന്നതിലൂടെ കള്ളപ്പണക്കാരുടെ കളിക്കളമായ ഭൂമി ഇടപാടിലെ അന്യായവില കുറയുമെന്നായിരുന്നു പ്രവചനം. ഇപ്പോള്‍ ഭൂമിക്ക് മോഹവില തരാമെന്നു പറഞ്ഞ് ആളുകള്‍ സമീപിക്കുന്നുവെന്നാണ് ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിലയില്ലാതെ കടന്നിരുന്ന കുന്നിന്‍പ്രദേശങ്ങള്‍ക്കു പോലും പൊന്നുവില ഇവര്‍ വാഗ്ദാനം ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമാണ് ഇതും. രജിസ്‌ട്രേഷന്‍ പിന്നീട് നടത്തിയാല്‍ മതിയെന്നു പറഞ്ഞുപോലും ആളുകള്‍ സമീപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്ത് ആവശ്യത്തിനും വായ്പ നല്‍കാന്‍ തയ്യാറായും ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കുന്നുണ്ട്.