ഒടുവില്‍ ചുരുളഴിഞ്ഞു: സുലിലിന്റെ മരണം കൊലപാതകം: കാമുകി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മാനന്തവാടി: കബനിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ അവനഞ്ചേരി തച്ചൂര്‍കുന്ന് എസ്.എന്‍. മന്ദിരത്തില്‍ സുലിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മൂന്ന് പേര്‍ അറസ്റ്റില്‍. കാമുകിയെ കസ്റ്റഡിയിലെടുത്തു. കൊയിലേരി ഊര്‍പ്പള്ളി മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍(36), വേലിക്കോത്ത് അമ്മു(38), ഊര്‍പ്പിള്ളി പൊയില്‍ കോളനിയിലെ കാവലന്‍(52) എന്നിവരെയാണ് മാനന്തവാടി എസ്.ഐ രജീഷ് തെരുവത്ത് പീടികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2016 സെപ്തംബര്‍ 26നാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സുലിലിന്റെ മൃതദേഹം വയനാട് മാനന്തവാടി കെയിലേരി ഊര്‍പ്പള്ളി കബനി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നു. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മുതല്‍ സുലിലില്‍ കൊയിലേരി ഊര്‍പള്ളിയിലെ ഭര്‍തൃമതിയായ യുവതിക്ക് ഒപ്പമായിരുന്നു താമസം. അച്ഛന്റെയും അമ്മയുടെയും മരണശേഷം സ്വത്ത് വിറ്റ് കിട്ടിയ പണവുമായാണ് യുവാവ് വയനാട്ടില്‍ ജോലി തേടിയെത്തിയത്. എന്നാല്‍ സുലിലിനെക്കുറിച്ച് തന്റെ സഹോദരന്‍ എന്നാണ് യുവതി നട്ടുകാരോട് പറഞ്ഞിരുന്നത്. സുലിലിന്റെ മരണത്തില്‍ ബന്ധുക്കളും ദുരുഹതയുണ്ടെന്ന് പരാതി നല്‍കിയിരുന്നു. പ്രദേശവാസികള്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അക്ഷന്‍കമ്മറ്റിയും രുപികരിച്ചിരുന്നു.

മരണത്തിലെ ദുരുഹതയുണ്ടന്ന നാട്ടുകാരുടെ സംശയം ഇന്‍ക്വസ്റ്റ് നടത്തിയ പോലിസ് ഉദ്യോഗസ്ഥന്‍ തള്ളികളഞ്ഞത് ചര്‍ച്ചയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെ വീഴ്ച തെളിവ് നശിപ്പിക്കലിനും കാരണമായതായും ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ സുലില്‍ കുടുംബസ്വത്ത് വിറ്റ് കിട്ടിയ മൂന്ന് കോടിയോളം രൂപയുമായാണ് കാമുകിയുടെ വലയില്‍ വീഴുന്നത്.

ഇതില്‍ ഒന്നര കോടിയോളം രൂപ കാമുകി കൈക്കലാക്കിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് സുലിലിന്റെ കൊലപാതകത്തിലേക്ക് കലാശിച്ചത്. കൊല നടത്താന്‍ വേലക്കാരിയായ അമ്മുവിനെ ചുമതലപ്പെടുത്തുകയായിരുന്നു. കൊലപാതക ദിവസം കാമുകി തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു. കൊല നടത്താന്‍ ലക്ഷങ്ങള്‍ അമ്മുവിന് വാഗ്ദാനം ചെയ്തതായാണ് സൂചന. 2016 സെപ്തംബര്‍ 26ന് സുലിലിനെ അമ്മുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അമ്മുവും കാമുകന്‍ ജയനും കൂടി കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലുകയും കാവലന്റെ സഹായത്തോടെ പുഴയിലേക്ക് വലിച്ചഴിച്ചിടുകയുമായിരുന്നു.