പ്രവാസി വോട്ടവകാശം: ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി

പ്രവാസി വോട്ടവകാശ ബില്ലിന് കേന്ദ്ര സർക്കാർ രൂപം നൽകി. വോട്ടിംഗിനായി ഇലക്ട്രോണിക് തപാൽ ബാലറ്റ് സംവിധാനം ഉപയോഗിക്കാം എന്ന് ബില്ലിൽ നിര്‍ദേശമുണ്ട്.
പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്ത് വോട്ടവകാശം ഉറപ്പാക്കണമെന്ന ഏറെ നാളെത്തെ ആവശ്യത്തിനാണ് കേന്ദ്രമന്ത്രി സഭ നിർണായക തീരുമാനം കൈക്കൊണ്ടത്. ഇലക്ട്രോണിക് തപാൽ ബാലറ്റിനുളള നിർദേശമാണ് ബില്ലുളളതെന്നാണ് സൂചന. ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അറിയുന്നു. പാർലമെന്‍റ് ബിൽ പാസാക്കിയാൽ വിദേശ രാജ്യങ്ങളിലുളള ഒരു കോടിയിലേറെ ഇന്ത്യക്കാർക്ക് നാട്ടിലെത്താതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകും. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് എത്രയും വേഗം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ക‍ഴിഞ്ഞ മാസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. 2014 ഒക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നൽകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല തീരുമാനം കൈക്കൊണ്ടത്. ഇതിനു ശേഷം ക‍ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രവാസി വോട്ടവകാശം സംബന്ധിച്ച വിഷയം വീണ്ടും സജീവ ചർച്ചയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വോട്ടവകാശം ഏത് രീതിയിൽ അനുവദിക്കണമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. അതെല്ലാം പരിഹരിച്ച് ഇലക്ട്രോണിക് തപാൽ ബാലറ്റെന്ന പുതിയ നിർദേശം ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാർ ബില്ലിന് രൂപം നൽകിയിരിക്കുന്നത്.