ശ്രീലേഖയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്‌

കഴിഞ്ഞദിവസം ജയില്‍ സന്ദര്‍ശനത്തിനെത്തിയ ജയില്‍ എ.ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന്‍ ദിലീപ്.

എ.ഡി.ജി.പി കൺമുന്നിൽ നില്ക്കുന്നത് കണ്ട് കിടക്കപ്പായിൽ നിന്ന് നടൻ ദിലീപ് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു. ഉറക്കവും ചെവിയുടെ ബാലൻസും തെറ്റിയതിനാൽ അത്‌ വിഫലമായി. ജയിൽ സൂപ്രണ്ട് ബാബുരാജും വാർഡൻമാരും ഒരു കൈ സഹായം നൽകിയപ്പോൾ എഴുന്നേറ്റുനിന്നു.

എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു ശ്രീലേഖയുടെ ആദ്യ ചോദ്യം. പൊട്ടിക്കരച്ചിലായിരുന്നു മറുപടി. പിന്നീട് പതുക്കെ പറഞ്ഞു. ‘100 ശതമാനം നിരപരാധിയാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറയണം.’ കരച്ചിൽ തുടർന്നതോടെ അധികസമയം സെല്ലിൽ നില്ക്കാതെ മടങ്ങിയെന്ന് ആർ. ശ്രീലേഖ വെളിപ്പെടുത്തി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു ആലുവ സബ്‌ജയിലിൽ ശ്രീലേഖയുടെ മിന്നൽ സന്ദർശനം. ദിലീപിന് പ്രത്യേക പരിഗണന നൽകുന്നെന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഒാരോ സെല്ലിലുമെത്തി തടവുകാരോട് വിവരങ്ങൾ തിരക്കി. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് ആരും പരാതി പറഞ്ഞില്ല.

ശ്രീലേഖ രണ്ടാം നമ്പർ സെല്ലിലെത്തിയപ്പോൾ പായയിൽ കിടന്ന് ഉറങ്ങുകയായിരുന്നു ദിലീപ് . സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കണ്ടതോടെ സഹതടവുകാരായ ഒഡീഷ സ്വദേശിയായ കൊലക്കേസ് പ്രതിയുൾപ്പെടെ ചാടിയെഴുന്നേറ്റു. സെൽ തുറന്ന് സംഘം അകത്തുകയറിയപ്പോഴും ദിലീപ് അറിഞ്ഞില്ല. സംസാരം കേട്ടതോടെ ഞെട്ടിയുണരുകയും ചാടിയെഴുന്നേൽക്കാൻ ശ്രമിക്കുകയുമായിരുന്നു.

ചെവിയിലെ ഫ്ളൂയിഡ് കുറഞ്ഞതിനാലാണ് ദിലീപിന് ബാലൻസ് നഷ്‌ടപ്പെട്ടത്. ഉടനെ ഡോക്‌ടറെ എത്തിച്ച് പരിശോധിക്കാനും എ.ഡി.ജി.പി നിർദ്ദേശം നൽകി. ഭക്ഷണം കഴിക്കുന്നതും കുറവാണെന്ന് ശ്രദ്ധയിൽപ്പെട്ടു. ജയിലിലെ മുഴുവൻ സി.സി.ടി.വി കാമറകളും ശ്രീലേഖ പരിശോധിച്ചു. ഒന്നര മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷമാണ് എ.ഡി.ജി.പി മടങ്ങിയത്.