കൊല്ലം പരവൂരില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്

പരവൂര്‍: കൊല്ലം പരവൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥുന്‍, അഭിരാം എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരായ ശ്രീജിത്ത്, അമല്‍ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ക്ലാവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇവിടെ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്‌ഐയുടെ കൊടിമരം ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ മിഥുന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീളുകയും ശ്രീജിത്തിന് വെട്ടേല്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷസ്ഥലത്തും പരവൂര്‍ ജംഗ്ഷനിലും പൊലീസ് ക്യാമ്പ്‌ചെയ്യുന്നുണ്ട്.