ഗോരഖ്പൂര്‍ ദുരന്തം: ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Gorakhpur: Children admitted in a ward in the state-run Baba Raghav Das Medical College where at least 30 children died in the past 48 hours, in Gorakhpur on Saturday. PTI Photo(PTI8_12_2017_000106B)

ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കുട്ടികള്‍ മരിക്കാനിടയായ സംഭവം കൃത്യമായി വിശദീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹ്യ പ്രവര്‍ത്തകന്‍ നുതന്‍ താക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ദുരന്തം സംബന്ധിച്ച യാഥാര്‍ഥ വിവരങ്ങള്‍ മാധ്യമങ്ങളില്‍നിന്ന് മറച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നുതന്‍ താക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സത്യം പുറത്തുവരുന്നത് തടയുന്നതിനും കുറ്റക്കാരെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തില്‍ സത്യം പുറത്തുവരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്‌സിജന്‍ ലഭിക്കാതെ മുപ്പത്തിയാറ് കുട്ടികളുള്‍പ്പെടെ എഴുപത്തിയാറ് പേര്‍ മരിക്കാനിടയായിട്ടും ആശുപത്രിയില്‍ ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കടുത്ത അനാസ്ഥ തുടരുകയാണ്.
മസ്തിഷ്‌കജ്വരത്തിന് ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടുകുട്ടികള്‍ കൂടി ഇന്നലെ മരിച്ചു. ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച വാര്‍ഡുകള്‍ വ്യത്തിഹീനമാണ്. വാര്‍ഡുകളില്‍ കയറുന്ന അമ്മമാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാസ്‌ക് നല്‍കുന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങള്‍ അധികൃതര്‍ ഇതുവരെ പാലിച്ചില്ല.
അണുബാധയ്ക്ക് ചികിത്സതേടി എത്തിയ കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന വാര്‍ഡിലും സ്ഥിതിക്കു യാതൊരു മാറ്റവുമില്ല. വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. പരാധീനതകള്‍ ഉണ്ടെന്നു പുതുതായി ചുമതലയേറ്റ കോളേജ് പ്രിന്‍സിപ്പല്‍ തുറന്നു സമ്മതിക്കുന്നുണ്ട്. അതിനിടെ വൃത്തിഹീനമായ വാര്‍ഡില്‍ ചികിത്സയ്ക്കു വിധേയരായ ആറു കുഞ്ഞുങ്ങളാണു കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന.
അതിനിടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ മരണകേന്ദ്രമാണ് ഗോരഖ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെന്നു കണക്കുകള്‍ വെളിപ്പെടുത്തുന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് 2017ല്‍ ഇവിടെ പ്രവേശിപ്പിച്ച നാലിലൊരു കുട്ടി വീതം മരിച്ചെന്നാണ് കണക്ക്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് എഴുപതിലേറെ കുട്ടികളാണ് അഞ്ചു ദിവസത്തിനുള്ളില്‍ മരിച്ചത്. ചികില്‍സയിലിരിക്കെ ഓക്‌സിജന്‍ വിതരണം നിലച്ചതായിരുന്നു പ്രധാന കാരണം.