ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും കോടതിയില്‍

കൊച്ചി: ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിനാകൂ.
വിലക്ക് ഹൈക്കോടതി നീക്കിയിട്ടും ബി.സി.സി.ഐ എന്‍.ഒ.സി നല്‍കുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. അടുത്ത മാസം ഒമ്പതിന് ലീഗ് അവസാനിക്കും മുമ്പ് എന്‍.ഒ.സി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തിങ്കളാഴ്ച്ച ശ്രീശാന്തിന്റെ ഹര്‍ജി കോടതി പരിഗണിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെ വിലക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മലയാളി താരത്തിന് അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു.
ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി കളിക്കാനുള്ള അനുമതിയും നല്‍കി. വിലക്കിനെത്തുടര്‍ന്ന് നാലര വര്‍ഷത്തോളമാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്.
അതിനിടെ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കരുതെന്നായിരുന്നു മലയാളി കൂടിയായ ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ചാണു ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്.
വാതുവയ്പില്‍ ശ്രീശാന്തിനെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നു വിലയിരുത്തിയാണു കേരള ഹൈക്കോടതി ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കി ഉത്തരവിട്ടത്.