ഹാദിയയുടെ പിതാവിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു

വെെക്കം: ഹാദിയ (അഖില)യുടെ ചിത്രം അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തു. ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ പരാതിയിൽ വെെക്കം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 17ന് തന്റെ വീട്ടിൽ വന്നപ്പോൾ അനുവാദമില്ലാതെ തന്റെ മകളുടെ ചിത്രം പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് വിശ്വാസ വഞ്ചന കാണിച്ചതായും പരാതിയിൽ പറയുന്നു.

തീവ്രവാദ സംഘടനകളുടെ പക്കൽ നിന്നും വൻതുക വാങ്ങി ഹാദിയ കേസ് അട്ടിമറിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്നും അന്വേഷണം വേണമെന്നും അശോകൻ ആരോപിക്കുന്നു.

വൈക്കം ടിവിപുരത്ത് കാരാട്ട് വീട്ടിൽ രക്ഷിതാക്കൾക്കെ‍ാപ്പം ശക്തമായ പെ‍ാലീസ് സംരക്ഷണത്തിലാണു ഹാദിയ എന്ന പേരു സ്വീകരിച്ച അഖില ഇപ്പോൾ കഴിയുന്നത്. സുപ്രീം കോടതി കേസ് എൻ.ഐ.എയ്‌ക്കു വിട്ടതിനെ തുടർന്ന് പെ‍ാലിസ് സംരക്ഷണം ശക്തമാണ്. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ പുറമേ നിന്നുള്ള ഒരാൾക്കും ഹാദിയയുമായി സംസാരിക്കാൻ അനുവാദമില്ല. അശോകന്റെ അനുവാദം ഉള്ളവർക്ക് മാത്രമെ പെ‍ാലിസ് വീട്ടിലേക്കു പ്രവേശനം അനുവദിക്കുകയുള്ളു. കഴിഞ്ഞ മേയ് 24 മുതൽ ഇതാണു സ്ഥിതി.