പി. ബാലകൃഷ്ണന്റെ ദുരൂഹമരണം: മുഖ്യപ്രതികളുടെ വീട്ടില്‍നിന്ന് സുപ്രധാനരേഖകള്‍ പിടികൂടി

തളിപ്പറമ്പ് : സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ പി ബാലകൃഷ്ണന്റെ ദുരൂഹമരണവും കോടികളുടെ സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളുടെ വീട്ടില്‍നിന്ന് സുപ്രധാനരേഖകള്‍ പിടികൂടി. കേസിലെ മുഖ്യപ്രതികളായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ഷൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍എന്നിവരില്‍നിന്നാണ് രേഖകള്‍ കസ്റ്റഡിയിലെടുത്തത്. ഇവരുടെ തായിനേരിയിലെ വീട് റെയ്ഡ് ചെയ്താണ് സിഐ എം.പി. ആസാദും സംഘവും രേഖകള്‍ പിടിച്ചെടുത്തത്.

രാമന്തളിയിലെ ഷൈലജയുടെ സഹോദരന്‍ രാഘവന്റെ വീട്ടിലുള്ള മകനെ കൊണ്ട് വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇവരുണ്ടാക്കിയ വ്യാജ രേഖകള്‍ ലഭിക്കുന്നതിനാവശ്യമായ കൃത്രിമ തെളിവുകവുകളാണ് ഷൈലജയുടെ വീട്ടില്‍നിന്ന് ലഭിച്ചത്. കൂടാതെ ചില എഗ്രിമെന്റുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇവയുടെ പരിശോധനയ്ക്ക് പൊലിസ് ലാബുകളുടെയും വിദഗ്ധരുടെയും സേവനം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഷൈലജയുടെ വീടും സമ്പാദ്യവുമടക്കമുള്ളവ സംബന്ധിച്ച രേഖകള്‍ കണ്ടെത്താനായില്ല.

പോലിസ് കസ്റ്റഡിയിലുള്ള ഷൈലജയും ഭര്‍ത്താവുമായി അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം.പി. ആസാദും എസ്‌ഐ എന്‍.കെ ഗിരീഷും പൊലീസുകാരും വൈകിട്ട് നാലോടെ കൊടുങ്ങല്ലൂരിലെത്തി. 2011 സപ്തംബര്‍ 12ന് ദുരൂഹസാഹചര്യത്തില്‍ കൊടുങ്ങല്ലൂരിലാണ് ബാലകൃഷ്ണന്‍ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണമൊന്നും നടന്നില്ലെന്ന് തെളിയിക്കുന്ന കൊടുങ്ങല്ലൂര്‍ പോലിസ് രേഖകള്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗിസിന്റെ കസ്റ്റഡിയിലായതിനാല്‍ അവ പരിശോധിക്കാനായില്ല.

അന്നത്തെ കൊടുങ്ങല്ലൂര്‍ എസ്‌ഐ പി.ആര്‍.ബിജോയ് ഇപ്പോള്‍ തൃശ്ശൂര്‍ അഴിക്കോട് തീരദേശ സ്‌റ്റേഷന്‍ എസ്‌ഐയാണ്. അതുപോലെ ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയി!ലെ ഡോ. ബിജു ഇപ്പോള്‍ പൊന്നാനി താലൂക്കാശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഇത് കാരണം ഇരുവരെയും കാണാനും വിവരങ്ങള്‍ ആരായാനും അന്വേഷണസംഘത്തിന് സാധിച്ചില്ല.

ഇതേതുടര്‍ന്ന് ബുധനാഴ്ച വൈകിട്ടുതന്നെ സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം പേട്ട വലിയവീട് ലൈനില്‍ ഷൈലജ 19 ലക്ഷം രൂപയ്ക്ക് നിഷാറാണിക്ക് വിറ്റുവെന്നുപറയുന്ന ബാലകൃഷ്ണന്റെ വീട്, ബാലകൃഷ്ണന്റെ വീട്ടുജോയിക്കാരിയായിരുന്ന ചാക്കയിലെ സരോജിനി, മകള്‍ പ്രേമവല്ലി, റെസിഡന്റസ് അസോസിയേഷന്‍ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവരെ അന്വേഷണസംഘം കണ്ട് തെളിവെടുക്കും.