ആള്‍ദൈവത്തിന് പത്തു വര്‍ഷം കഠിന തടവ്

ന്യൂഡല്‍ഹി: പീഡന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവവും ‘ദേര സച്ച സൌദ തലവനു’മായ ഗുര്‍മീത് റാം റഹിം സിങ്ങിന് പത്തു വര്‍ഷം കഠിന തടവ്. ശിക്ഷ പ്രഖ്യാപിക്കുന്നതിന് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ്ങിനെ ഇന്ന് രാവിലെ വ്യോമമാര്‍ഗം റോത്തക്കില്‍ എത്തിക്കുകയായിരുന്നു.

ഗുര്‍മീത് കഴിയുന്ന ജില്ലാജയില്‍ കോടതി ചേരുന്ന ഇടമായി ഹൈക്കോടതി വിജ്ഞാപനംചെയ്തിട്ടുണ്ട്. ജയിലിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റാര്‍ക്കും പ്രവേശനാനുമതി ഇല്ല. സൈന്യത്തിന്റെ 23 ബറ്റാലിയന്‍ ഇവിടെ തമ്പടിക്കുന്നു. ശിക്ഷാ വിധി വന്നതോടെ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഹരിയാന ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നനവര്‍ വെടിയുണ്ടകളെ നേരിടേണ്ടി വരുമെന്ന് ഹരിയാന ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൈന്യത്തിന് പുറമേ അര്‍ധസൈനികരെയും ഇറക്കിയിട്ടുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമാണ്.