ദിലീപിന് ജാമ്യമില്ല; ഇത്തവണ ഓണം ജയിലില്‍

    കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.

    ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റർ ചെയ്തതു കള്ളക്കേസ് ആണെന്നും നടനെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തിയെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. പ്രോസിക്യൂഷന്റെ ഓരോ വാദത്തെയും എതിർത്താണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദിച്ചു.

    എന്നാൽ, ദിലീപിനെതിരെ കൂടുതൽ ഗുരുതരമായ തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രതിരോധം. ദിലീപിനെ ‘കിങ് ലയർ’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷൻ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണിൽ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ദിലീപ് ജയിലിലായിട്ട് ഇന്നേയ്ക്ക് 50 ദിവസം പിന്നിട്ടു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയാണ് ദിലീപിനു മുൻപിലുള്ള ഏക വഴി.