ദിലീപിനെതിരായ കുറ്റപത്രം ഉടന്‍; കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടിവന്നേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെപ്പിലാണ് അന്വേഷണ സംഘം.

ദിലീപ് സൂപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് തടയുകകൂടിയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്.

നിശ്ചിതസമയപരിധിയായ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനാല്‍ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അര്‍ഹനല്ല. അങ്ങിനെയെങ്കില്‍ വിചാരണ കഴിയാതെ ദിലീപിന് പുറത്തിറങ്ങാന്‍ കഴിയില്ല.

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

നടിയെ ആക്രമിക്കാന്‍ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്തത്.