ഗോരഖ്പൂർ അപകടം: സ്വന്തം ചെലവിൽ ഓക്‌സിജൻ എത്തിച്ച ഡോക്‌ടർ അറസ്‌റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ ഓക്‌സിജന്റെ അഭാവം മൂലം 70 കുട്ടികൾ മരിച്ച സംഭവത്തിൽ അന്നത്തെ ശിശുരോഗ വിഭാഗം തലവൻ ഡോ. കഫീൽ അഹമ്മദ് ഖാൻ അറസ്‌റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഡോക്‌ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഉത്തർ പ്രദേശ് ‌സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് കഫീൽ ഖാനെ സ്വന്തം വീട്ടിൽ നിന്നും പിടികൂടിയത്. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്‌ടീസിംഗ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവമുണ്ടായപ്പോൾ സ്വന്തം പണം ഉപയോഗിച്ച് അവയെത്തിച്ച ഡോക്‌ടർ കഫീൽ ഖാനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഡോക്‌ടർമാരുടെ സംഘടനയടക്കം രംഗത്ത് വന്നിരുന്നു. കഫീൽ ഖാനെ ബലിയാടാക്കുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡോക്‌ടർമാരുടെ സംഘടന ആരോപിച്ചിരുന്നു.

എന്നാൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കഫീൽ ഖാനടക്കമുള്ള എട്ട് ഡോക്‌ടർമാർക്ക് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നാണ് പ്രത്യേക അന്വേഷണ സംഘം ആരോപിക്കുന്നത്. കഫീൽ ഖാൻ ബി.ആർ.ഡി ആശുപത്രിയിൽ നിന്നും ഓക്‌സിജൻ സിലിണ്ടറുകൾ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയതായും സംഘം പറയുന്നു. തുടർന്ന് ഇവർക്കെതിരെ വെള്ളിയാഴ്‌ച കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. ​രാ​ജീ​വ്​ മി​ശ്ര, ഭാ​ര്യ ഡോ. ​പൂ​ർ​ണി​മ ശു​ക്ലയെയും ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്​​പെ​ഷ്യൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​​ പി​ടി​കൂ​ടി​യിരുന്നു. ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്‌ത കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങി, ചികിത്സാപ്പിഴവ് തുടങ്ങിയവ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഗോരഖ്പൂർ ആശുപത്രിയിൽ കുട്ടികളുടെ മരണം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച ഇവിടെ 61 കുട്ടികൾ വിവിധ കാരണങ്ങളാൽ മരിച്ചിരുന്നു. ഇതോടെ ഈ വർഷം മാത്രം ആശുപത്രിയിൽ ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 1304ആയി.