പീഡനം ചെറുക്കാന്‍ യുവതി ഓടുന്ന തീവണ്ടിയില്‍ നിന്നും എടുത്തു ചാടി

ഹൈദരാബാദ്: പീഡനം ചെറുക്കാന്‍ യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. നിസാമുദ്ദീന്‍ മില്ലേനിയം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.

തന്റെ മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിജയവാഡയിലേക്ക് പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. സിങ്കാരയാകൊണ്ട റെയില്‍വേ സ്റ്റേഷന് തൊട്ടു മുമ്പാണ് യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷിയായ ഒരു യുവതി പറഞ്ഞു. യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

യുവതി ചാടിയതിന്റെ പിന്നാലെ യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയും ട്രെയിന്‍ നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ വിജയവാഡ സ്റ്റേഷനില്‍ എത്തിയതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. വിജയവാഡ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.