നോട്ട് നിരോധനം: സാമ്പത്തിക വളര്‍ച്ച 2 % ഇടിയുമെന്ന മന്‍മോഹന്‍ സിംഗിന്റെ പ്രവചനം കൃത്യം

    ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുടെ ജി.ഡി.പിയെക്കുറിച്ചുള്ള പ്രവചനം സത്യമായി ഭവിച്ചിരിക്കുകയാണ് ഇപ്പോള്‍.

    നോട്ട് നിരോധനത്തെ മന്‍മോഹന്‍ സിംഗ് ആസൂത്രിത കൊള്ളയെന്നും കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകുമെന്നും രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു മന്‍മോഹന്‍സിംഗ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ സിംഗ് നോട്ട് നിരോധം നിമിത്തം ഇന്ത്യയുടെ ജി.ഡി.പിയില്‍ രണ്ടുശതമാനം കുറവുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

    നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റ ആദ്യപാദത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായാണ് ഇടിഞ്ഞത്.

    ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ മുന്‍നിര സമ്പദ് വ്യവസ്ഥകളില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. അതിവേഗം ചൈനയോട് മത്സരിച്ചുകൊണ്ടിരുന്ന ഇന്ത്യ നോട്ട് നിരോധനത്തോടെ പടുകുഴിയിലേക്ക് പതിച്ചിരിക്കുന്നത്.

    മന്‍മോഹന്‍സിംഗിന്റെ പ്രവചനത്തെ പരിഹസിച്ച നരേന്ദ്രമോദി ഇന്ത്യയെ കൊണ്ടെത്തിച്ചിരിക്കുന്നത് തകര്‍ച്ചയുടെ കടലാഴങ്ങളിലേക്കാണ്. ഹാര്‍വാര്‍ഡിലും മറ്റും പഠിച്ചിറങ്ങിയ വിദ്വാന്‍മാര്‍ അങ്ങനെ പലതുംപറയുമെന്നായിരുന്നു മോദിയുടെ പരിഹാസം. നോട്ട് നിരോധം നിമിത്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ജി.ഡി.പിയില്‍ രണ്ട് ശതമാനം ഇടിവുണ്ടാകുമെന്ന മന്‍മോഹന്‍സിംഗിന്റെ പ്രവചനം സത്യമാകുന്നുവെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

    കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.1 സാമ്പത്തിക വളര്‍ച്ച നേടിയ ചൈന ഇന്ത്യയെ പരഹസിച്ചു. വ്യാളിയുമായുള്ള പോരാട്ടത്തില്‍ ആന പരാജയപ്പെട്ടു എന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഴുതിയിരുന്നു. മോദിയുടെ നേതൃത്വത്തിലെ സര്‍ക്കാരിന്റെ സെല്‍ഫ് ഗോളാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക് കുറയാന്‍ കാരണമെന്ന് ഗ്ലോബല്‍ ടൈംസ് നിരീക്ഷിച്ചിരുന്നു.

    നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തികരംഗം കരകയറുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യക്വാര്‍ട്ടര്‍ ഫലവും വ്യക്തമാക്കുന്നത്. കഴിഞ്ഞ 9 ക്വാര്‍ട്ടറുകളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണ് ഇത്തവണത്തേത്. തൊട്ടുമുമ്പത്തെ ജനുവരി മാര്‍ച്ച് ക്വാര്‍ട്ടറിലെ 6.1 ശതമാനം വളര്‍ച്ചയില്‍ നിന്ന് 5.7 ശതമാനമായാണ് രാജ്യത്തെ വളര്‍ച്ചാ നിരക്ക് താഴ്ന്നത്.

    കഴിഞ്ഞവര്‍ഷം ഈ സമയം ഇത് 7.9 ശതമാനമായിരുന്നു. നോട്ട് നിരോധനത്തിന് പുറമെ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി കമ്പനികള്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടത്തിയതും ഉത്പാദനം കുറച്ചതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. നിര്‍മാണമേഖല, ഊര്‍ജ്ജമേഖല, മൈനിങ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ഒട്ടുമിക്ക സെക്ടറുകളും വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം നല്ല മണ്‍സൂണ്‍ ലഭിച്ചത് കാര്‍ഷികമേഖലയ്ക്ക് ഗുണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 2.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാര്‍ഷികമേഖലയിലുണ്ടായത്.

    ജിഎസ്ടി നടപ്പാക്കിയ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറിലും വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വ് പകരുമെന്ന സര്‍ക്കാരിന്റെ അവാകശവാദങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറിലെ ഫലം.

    മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം സാധനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായതായാണ് വിലയിരുത്തല്‍. ഇത് സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയായിരുന്നു. ഇതിനൊപ്പം ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങിയ ചരക്ക് സേവന നികുതിയും താല്‍ക്കാലികമായെങ്കിലും സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയായി.

    ഡോ. മന്‍മോഹന്‍സിംഗിന്റെ വ്യഖ്യാതമായ രാജ്യസഭാ പ്രസംഗം കാണാം: