അറ്റ്‌ലാന്റ നഗരത്തെ ഗ്രാമഭംഗിയിലാക്കി തൂശനിലയില്‍ ഓണസദ്യയുമായി 2017ലെ ഗാമയുടെ ഓണം

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തപ്പനും ഓണത്തുമ്പിയും വിരുന്നിനെത്തി. പൂക്കളിറുത്ത് പൂക്കളമിട്ട് ഗൃഹാതുരത്വത്തിന്റെ കിളിവാതിലിലൂടെ ഗാമയുടെ കുടുംബാംഗങ്ങള്‍ ഇവരെ വരവേറ്റു. ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (ഗാമ) യുടെ ആഭിമുഖ്യത്തില്‍ 1500 ല്‍ പരം മലയാളികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഓണവിരുന്നാണ് ഗതകാലസ്മരണകളില്‍ പൂത്തുലഞ്ഞത്.

കേരളത്തിന്‍െറ പ്രൗഢിയും പെരുമയും വിളിച്ചോതുന്ന രീതിയില്‍ ജാതിമതഭേദമന്യേ എല്ലാമലയാളികളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള ഗാമയുടെ സംഘാടകരുടെ പരിശ്രമം വന്‍വിജയം തന്നെയായിരുന്നു.
തൂശനിലയില്‍ ഓണസദ്യയെന്ന മലയാളിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഗാമയ്ക്ക് കഴിഞ്ഞു. മലയാളിയായ ജോസ് കണ്ണുക്കാടന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും സംഭാവന നല്‍കിയ വാഴയിലായികളിയിരുന്നു അതിവിപുലമായ ഓണസദ്യ പകര്‍ന്ന് നല്‍കിയത്. വാഴയിലയില്‍ പരമ്പരാഗതമായ രീതിയില്‍ ക്രമം തെറ്റാതെ സദ്യ വിളമ്പാന്‍ സഹായിച്ച ഓരോ അംഗങ്ങളെയും എത്ര പ്രശംസിച്ചാലും മതിയാകില്ല.

സുനില്‍ പുനത്തില്‍ രൂപ കല്പന ചെയ്ത പൂക്കളത്തിനു ചുറ്റും അറ്റ്‌ലാന്റ വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര കാണികളുടെ മുക്ത കണ്‍ഠ പ്രശംസ പിടിച്ചു പറ്റി. ആര്‍പ്പോ ഇര്‍റോ വിളികളോടെ നാടന്‍ കലാരൂപങ്ങളുടെ മേളത്തിമിര്‍പ്പില്‍ മാവേലിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഘോഷയാത്ര അറ്റ്‌ലാന്റ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു.

ചെണ്ടമേളവും പുലികളിയും മുത്തുകുടയും പരമ്പരാഗത വേഷമണിഞ്ഞ് മുല്ലപ്പൂ ചൂടിയ സ്ത്രീകളും കേരളത്തനിമയാര്‍ന്ന വേഷമണിഞ്ഞ പുരുഷ പ്രജകളും ഓണക്കളികളുമായെത്തിയ കുഞ്ഞുങ്ങളും രാജപ്രൗഢിയോടെ പ്രജകളെ കാണാനെത്തിയ മഹാബലിക്ക് അകമ്പടിയേകി.

മറുനാടന്‍ മലയാളികളുടെ പതിവ് ആഘോഷങ്ങള്‍ക്കും അപ്പുറം ഒരു ആര്‍ജ്ജിത സംസ്‌കാരത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു 2017 ലെ ഗാമയുടെ പ്രസിഡന്റ് ബിജു തുരുത്തുമാലിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണവിരുന്ന്.

പ്രസിഡന്‍റ് ബിജു തുരുത്തുമാലിലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മനു ഗോവിന്ദ് സ്വാഗതം അര്‍പ്പിച്ചു.ഹോളി ഫാമിലി ക്‌നാനായ കത്തോലിക്ക ചര്‍ച് വികാരി ഫാ. ജെമി പുതുശ്ശേരി ഓണ സന്ദേശം നേര്‍ന്നു. ഗാമ ട്രഷറര്‍ നവീന്റെ നന്ദിപ്രസംഗത്തിനു ശേഷം ആരംഭിച്ച ആഘോഷങ്ങളില്‍ അറ്റ്‌ലാന്റയിലെ മലയാളി കലാസ്‌നേഹികള്‍ അവതരിപ്പിച്ച സംഗീത നൃത്യ പരിപാടികള്‍ സദസ്യരെ ഉടനീളം രസിപ്പിച്ചു. തോമസ് ഈപ്പന്‍ സംവിധാനം ചെയ്ത ഓണം സ്‌കിറ്റില്‍ മഹാബലിയുടെയും വാമനന്റെയും കഥ എല്ലാവര്ക്കും ഒരിക്കല്‍ കൂടി പുരാണ കഥകള്‍ അയവിറക്കാന്‍ അവസരം നല്‍കി.

സവിത മഹേഷ്, ദീപക് പാര്‍ത്ഥസാരഥി, യാസര്‍ ഹമീദ്, കൃഷ് പള്ളത്ത്, അബൂബക്കര്‍ സിദ്ധീഖ്, ഷാജി ജോണ്‍, അനില്‍ മേച്ചേരില്‍, എബ്രഹാം കരിപ്പപറമ്പില്‍, പ്രസാദ് ഗോപാല്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

2017ലെ ഓണവിരുന്നില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും ഗാമ പ്രസിഡന്റും സെക്രട്ടറി മനു ഗോവിന്ദും മറ്റ് കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.