മാനനഷ്ടക്കേസില്‍ മറുപടി നല്‍കാന്‍ വൈകി; കെജ്‌രിവാളിന് 5000 രൂപ പിഴ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ മറുപടി നല്‍കാന്‍ വൈകിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 5000 രൂപ പിഴ. ഡല്‍ഹി ഹൈക്കോടതിയാണ് പിഴ ചുമത്തിയത്.

മാനനഷ്ടക്കേസുകളില്‍ യഥാസമയം മറുപടി നല്‍കാത്തതിന്റെ പേരില്‍ കെജ്‌രിവാളിനെതിരെ ഇത് രണ്ടാം തവണയാണ് കോടതി പിഴ ചുമത്തുന്നത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് 10,000 രൂപ പിഴ ചുമത്തിയിരുന്നു. തുറന്ന കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ കെജ്‌രിവാളിന്റെ മുന്‍ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

പത്ത് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെജ്‌രിവാള്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ ജെയ്റ്റ്‌ലി കോടതിയെ സമീപിച്ചിട്ടുള്ളത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ തന്റെ സല്‍പ്പേരിന് കളങ്കംവരുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായെന്നാണ് ജെയ്റ്റ്‌ലിയുടെ ആരോപണം. കേസില്‍ മറുപടി നല്‍കാന്‍ കഴിഞ്ഞ മെയ് 23 ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഒക്ടോബര്‍ 12 ന് കോടതി വീണ്ടും പരിഗണിക്കും.