ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്

ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്.ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍എല്‍ സരിത വകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് റിപ്പോര്‍ട്ട് കൈമാറി.ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചികിത്സകിട്ടാതെ മുരുകന്‍ മരിച്ച സംഭവം വിവാദമായതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിതയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്.വിവരങ്ങള്‍ പഠിച്ചതിന് ശേഷം നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വലിയ വീഴ്ച പറ്റിയെന്ന് പറയുന്നു.ചികിത്സിക്ക് ആവിശ്യമായിരുന്ന വെന്റിലേറ്റര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും പ്രവേശിപ്പിക്കാതിരുന്നത് ഗുരുതര തെറ്റാണ്.അടിയന്തര ചികിത്സ നല്‍കേണ്ടതിന് പകരം മുരുകനുമായി വന്ന ആന്പുലന്‍സ് ഡ്രൈവറുമായി തര്‍ക്കിച്ച് സമയം കളയുകയായിരുന്നു ആശുപത്രി അധിക്യതരെന്ന വിമര്‍ശവുമുണ്ട്.സമാന സാഹചര്യം സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലുമുണ്ടന്ന വിവരവും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കി.ഈ സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കേണ്ടതുമായി ബന്ധപ്പെട്ട് പൊതുമാര്‍ഗരേഖ പുറത്തിറക്കണമെന്ന ശുപാര്‍ശയും നല്‍കിയിട്ടുണ്ട്.റിപ്പോര്‍ട്ടിലെ ഗൌരവം പരിഗണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ രാജീവ് സദാനന്ദന്‍ നാളെ ഉന്നതതല യോഗം വിളിച്ചു.മുഴുവന്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.