പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: കുവൈത്തിലെ സ്വകാര്യമേഖലയിലും സ്വദേശിവത്കരണം വരുന്നു?

കുവൈത്തിലെ സ്വകാര്യമേഖലയിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീഹിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുമേഖല നൂറ് ശതമാനം സ്വദേശിവത്കരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതോടൊപ്പം തന്നെ വിദേശികള്‍ കൂടുതലുള്ള സ്വകാര്യമേഖലയിലും ഇതേ രീതി പരീക്ഷിക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സേവന ഫീസ് വര്‍ധിപ്പിക്കല്‍, സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം തുടങ്ങി രാജ്യത്തെ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനസംഖ്യ ക്രമീകരണകാര്യ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് എം.പിമാരുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. വിദേശികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡവും നിര്‍ദിഷ്ട യോഗത്തില്‍ നിശ്ചയിച്ചേക്കും.