രണ്ടാം ക്ലാസ്സുകാരന്റെ കൊലപാതകം; കേന്ദ്രത്തിനും ഹരിയാന സര്‍ക്കാരിനും നോട്ടീസ്

ഛണ്ഡീഗഢ്:  റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനും ഹരിയാന സര്‍ക്കാരിനും സിബിഎസ്ഇക്കും സുപ്രീം കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പ്രധ്യുമന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേസന്വേഷണം സിബിഐക്ക് വിടണമെന്നും ഇത്തരം സംഭവത്തില്‍ വാദം കേള്‍ക്കാന്‍ സ്ഥിരം അതോറിട്ടിയേയോ ട്രിബ്യൂണലിനോടോ നിയോഗിക്കണമെന്നും കൊല്ലപ്പെട്ട പ്രധ്യുമന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും കേസില്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടാവുന്നതെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ പ്രധ്യുമന്റെ പിതാവ് വരുണ്‍ താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വടക്കന്‍ മേഖല തലവനായ ഫ്രാന്‍സിസ് തോമസിനേയും ബ്രാഞ്ച് കോര്‍ഡിനേറ്ററേയും കേസില്‍ സോഹ്ന കോടതിയില്‍ ഹാജരാക്കി. കേസില്‍ സ്‌കൂള്‍ ഡ്രൈവറേയും ഏതാനും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ ബസ് കണ്ടക്ടറാണ് കൊലപാതകത്തിന് പിന്നിലെന്നും കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്‌കൂളിലെ ഗുരുതര സുരക്ഷാ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ചില അധ്യാപകരേയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കും വെവ്വേറെ ശൗചാലയങ്ങള്‍ ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായുള്ള ശൗചാലയങ്ങള്‍ത്തന്നെയാണ് ജീവനക്കാരും ഉപയോഗിച്ചിരുന്നത്. സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വിധത്തിലുള്ള പശ്ചാത്തല പരിശോധനകളും നടത്താതെയാണ് ബസ് ജീവനക്കാര്‍ അടക്കമുള്ളവരെ നിയമിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ റയാന്‍ സ്‌കൂളിന് മുന്നില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.