നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) അന്വേഷണ സംഘത്തിന് അതൃപ്തി. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടതിയില്‍ അറിയിക്കുന്നതില്‍ ഡിജിപിക്ക് ജാഗ്രത പാലിച്ചില്ല. അന്വേഷണ സംഘവുമായി ആലോചിക്കാതെയാണ് ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയതെന്നും അതൃപ്തിയുണ്ട്. കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റത് യഥാര്‍ത്ഥ വസ്തുതകള്‍ കോടതിയില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയതിലാണെന്ന നിലപാടിലാണ് പോലീസ്.

അതിനിടെ, ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് സമര്‍പ്പിക്കാനിരുന്ന അപേക്ഷ പൂര്‍ത്തിയാകാത്തതിനാലാണ് മാറ്റിവയ്ക്കുന്നതെന്നാണ് സൂചന. എന്നാല്‍ സംവിധായകന്‍ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിഞ്ഞശേഷം ജാമ്യാപേക്ഷ നല്‍കാനാണ് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ നാദിര്‍ ഷാ നാളെ അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകുകയാണ്. നാദിര്‍ ഷായുടെ ഹര്‍ജി 18നാണ് വീണ്ടും പരിഗണിക്കുക. അതിനു ശേഷമായിരിക്കും ദിലീപ് വീണ്ടും അപേക്ഷ നല്‍കുക. അല്ലെങ്കില്‍ നാദിര്‍ഷായെ മറയാക്കി ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കുമെന്ന ആശങ്കയാണ് ദിലീപിന്. നാദിര്‍ ഷാ ‘സ്റ്റാര്‍ വിറ്റ്‌നസ്’ ആണെന്നാണ് പ്രോസിക്യുഷന്‍ ഇന്നലെ കോടതിയില്‍ വിശേഷിപ്പിച്ചത്.

ദിലീപിനെതിരായ കേസില്‍ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിച്ചാല്‍ മതിയാകും. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അടുത്ത മാസം 10വരെ സമയമുണ്ടായിരിക്കേയാണ് പ്രോസിക്യൂഷന്‍ ഈ നിലപാട് സ്വീകരിച്ചത്. ഇത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നതാണ് അതൃപ്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയാണ് അന്വേഷണ സംഘത്തിന്.

എന്നാല്‍ രണ്ടാഴ്ചയെന്ന് കോടതിയില്‍ പ്രോസിക്യുഷന്‍ വാക്കാന്‍ നല്‍കിയ വിവരം പൂര്‍ണ്ണമായും പരിഗണിക്കില്ലെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിന്. പ്രോസിക്യൂഷന്‍ രേഖാമൂലം സമര്‍പ്പിക്കുന്ന അപേക്ഷയായിരിക്കും ഇക്കാര്യത്തില്‍ കോടതി പരിഗണിക്കുക. കേസില്‍ നാദിര്‍ ഷായുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന് കോടതിയില്‍ നിന്ന് വാക്കാലുള്ള വിമര്‍ശനം ഏറ്റത്.

അതേസമയം, കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നതെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു. പോലീസിനെതിരെ കോടതിയില്‍ നിന്ന് ഇന്നലെ വിമര്‍ശനം ഏറ്റുവെന്ന മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്നും എസ്.പി പ്രതികരിച്ചു.