ജി.എസ്.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള, പിരിച്ചെടുക്കുന്നവ കച്ചവടക്കാരുടെ പോക്കറ്റിലേക്ക്

തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിക്ക്. സംസ്ഥാനത്ത് 32000 ഹോട്ടലുകളുണ്ടെങ്കിലും അവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവ 10 ശതമാനം മാത്രം. മൂല്യവര്‍ധിതനികുതി(വാറ്റ്)യുടെകാലത്ത് 2,500 എണ്ണത്തിനാണ് നികുതി രജിസ്ട്രേഷന്‍ ഉണ്ടായിരുന്നത്. ജി.എസ്.ടിയിലേക്കു മാറിയതോടെ നാലായിരത്തിലെത്തി. എന്നാല്‍ ജി.എസ്.ടിയുടെ മറവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവയില്‍ ഭൂരിഭാഗവും നികുതിയെന്നപേരില്‍ അനധികൃതമായി ഉപയോക്താക്കളെ പിഴിയുകയാണ്. ഇതുബോധ്യമായ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.വിശദമായ കര്‍മപദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണത്തിലെ വിലക്കയറ്റത്തിലാണ് ജനങ്ങള്‍ക്ക് ഏറ്റവും ആക്ഷേപമെന്ന് യോഗം വിലയിരുത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് തന്നെ വ്യക്തമാക്കി. ഹോട്ടലുകളില്‍ രണ്ടു തരത്തിലാണ് ഇപ്പോള്‍ നികുതിതട്ടിപ്പ്. രജിസ്ട്രേഷനില്ലാത്ത ഹോട്ടലുകളും 75 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ള ഹോട്ടലുകളും നികുതി ഈടാക്കുന്നതാണ് പ്രധാനതട്ടിപ്പ്. നികുതി ഇളവ് ലഭിക്കുന്ന വസ്തുക്കള്‍ക്കുപോലും കിഴിവ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നില്ല. ജി.എസ്.ടി. എന്ന പേരില്‍ ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന നികുതി ഹോട്ടലുകള്‍ സ്വന്തം കീശയിലാക്കുകയാണെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

രജിസ്ട്രേഷന്‍ എടുക്കാത്ത ഹോട്ടലുകള്‍ ജി.എസ്.ടി. ഈടാക്കിയാല്‍ വന്‍ തുക പിഴ ചുമത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. 75 ലക്ഷത്തില്‍ താഴെ വിറ്റുവരുമാനമുള്ള അനുമാനനികുതിക്കാര്‍ക്ക് അഞ്ചുശതമാനം നികുതി പിരിക്കാന്‍ അവകാശമില്ല. അതു ബില്ലില്‍ ചേര്‍ത്താലും നടപടിയുണ്ടാകും.

എയര്‍ കണ്ടീഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ 18 ശതമാനം നികുതിയീടാക്കുന്നതായി പരാതിയുണ്ട്. ഇതിനെതിരേയും കര്‍ശന നടപടിക്ക് നിര്‍ദേശമുണ്ട്. ഹോട്ടല്‍ ബില്‍ തയാറാക്കുന്നതിലെ തട്ടിപ്പും കര്‍ശനമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു മാസത്തിലെ ബില്ലുകള്‍ തുടര്‍ച്ചയായും അനുക്രമവുമായി വേണമെന്നാണ് ചട്ടം. പല ഹോട്ടലിലും ബില്ലുകള്‍ ഓരോദിവസവും പുതുതായി തുടങ്ങുന്ന രീതിയിലാണ് സോഫ്റ്റ്വേര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതും പരിശോധിക്കാനും നിര്‍ദേശമുണ്ട്.