യേശുദാസിന് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് സുരേഷ്ഗോപി

തിരുവനന്തപുരം: ഗായകൻ യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് രാജ്യസഭാ എം.പിയും നടനുമായ സുരേഷ്ഗോപി. ആരുടേയും വക്താവായല്ല തന്റെ വ്യക്തിപരമായ നിലപാടാണ് ഇതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്ഷേത്ര ഭരണസമിതിയോഗം ഇന്ന് തീരുമാനമെടുക്കും. വിജയദശമി ദിനത്തിൽ ക്ഷേത്രദർശനത്തിന് അവസരം നൽകണമെന്ന് യേശുദാസ് കത്ത് നൽകിയിരുന്നു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഹിന്ദുമതാചാരങ്ങൾ പാലിക്കുന്നവർക്ക് പ്രവേശനം നൽകാറുണ്ട്. താൻ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തിൽ വ്യക്തമാക്കിയിരുന്നു.

നേരത്തെ, വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണ് സർക്കാർ നിലപാടെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. യേശുദാസിന്റെ ആവശ്യത്തിൽ കൂടിയാലോചനകൾക്ക്‌ ശേഷം തീരുമാനമെടുക്കുമെന്നും ഇക്കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.