വീക്ഷണത്തിന്റെയും നോര്‍ക്കാ റൂട്ട്‌സിന്റെയും അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

കളളപ്പണ വേട്ടയുടെ ഭാഗമായി കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ കേരളത്തില്‍ നിന്നും കുടുങ്ങിയവരില്‍ വമ്പന്‍ ബിസിനസ് ഭീമന്മാര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ. ലുലുഗ്രൂപ്പ് ഉടമ എം.എ യൂസഫലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ആസാദ് മൂപ്പന്‍, രവിപിളള എന്നിങ്ങനെ നിരവധി പേര്‍ക്കാണ് കേന്ദ്രം അയോഗ്യത കല്‍പ്പിച്ചത്.

ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തിനെ തുടര്‍ന്നാണ് രാജ്യത്തെ വിവിധ കമ്പനികളിലെ ഒന്നരലക്ഷത്തിലേറെ പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രാലയം 2013ലെ കമ്പനി നിയമപ്രകാരം അയോഗ്യരാക്കിയത്.

കേരളത്തില്‍ നിന്നും 12,000 ഡയറക്ടര്‍മാരെയാണ് കേന്ദ്രം അയോഗ്യരാക്കിയത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം, സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്‌സ് എന്നിവയുടെ അംഗീകാരം കേന്ദ്രം റദ്ദാക്കിയിട്ടുണ്ട്. കമ്പനി മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളളവരാണ് നോര്‍ക്കയുടെ ഡയറക്ടര്‍മാര്‍. കൂടാതെ എം.എ യൂസഫലി, രവിപിളള, ആസാദ് മൂപ്പന്‍ എന്നിവരും ബോര്‍ഡിലുണ്ട്.

ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്ത കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ ഇവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്. കളളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. നിലവില്‍ അയോഗ്യരാക്കപ്പെട്ടവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരു കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലും മെംബറാകാന്‍ കഴിയില്ല. ഇതിന് പുറമെ മറ്റ് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇവര്‍ വഹിക്കുന്ന പദവിയെയും ഇത് ബാധിച്ചേക്കും.