തോമസ് ചാണ്ടിയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സിലര്‍ക്ക് പരിക്ക്‌

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ കണാതായ സംഭവത്തില്‍ കഴിഞ്ഞ ദിവസം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്തിരുന്നു. ഈ തീരുമാനം തിങ്കളാഴ്ച നടന്ന ഭരണസമിതി അംഗീകരിച്ചതോടെയാണ് നഗരസഭാ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.

ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷം കൂടിയായ എല്‍ഡിഎഫ് അംഗങ്ങള്‍ ബഹളം തുടങ്ങി.

ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഇടത് അനുകൂല സര്‍വ്വീസ് സംഘടനകള്‍ പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്തുണയെന്നോണം തിങ്കളാഴ്ച നടന്ന നഗരസഭാ യോഗത്തില്‍ ഇടത് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ഭരണപക്ഷം ഉറച്ചുനിന്നു.

സസ്‌പെന്‍ഷന്‍ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരും നഗരസഭയുടെ  നടുത്തളത്തിലിറങ്ങി. പ്രതിഷേധം രൂക്ഷമാവുന്നതിനിടെ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സസ്‌പെന്‍ഷന്‍ തീരുമാനം പുന:പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് പ്രശ്‌നം കയ്യാങ്കളിയിലെത്തിയത്. പ്രതിഷേധത്തിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യു.ഡി.എഫ് കൗണ്‍സിലറായ മോളി ജേക്കബിനെ മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുണ്ട്‌. യു.ഡി.എഫ് കൗണ്‍സിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.