പീഡിപ്പിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും: പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്

ചണ്ഡീഗഢ്: സ്കൂളില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് പെണ്‍കുട്ടിയുടെ കത്ത്. സ്കൂളിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും അശ്ലീല ചിത്രം കാണാന്‍ നിര്‍ബന്ധിച്ചുവെന്നും കത്തില്‍ പെൺകുട്ടി പറയുന്നു. തന്നെ പീഡിപ്പിച്ചവർക്കെതിരെ സ്കൂള്‍ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും തന്റെ പരാതി അവര്‍ പരിഗണിച്ചില്ലെന്നും നടപടിയെടുത്തില്ലെന്നും പ്രധാന മന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി ഭീഷണി പറയുന്നു. എന്നാൽ കത്തിൽ പെൺ‌കുട്ടിയുെട പേരോ, വിലാസമോ ഇല്ല. പൊലീസിനും പ്രാദേശിക മാധ്യമങ്ങള്‍ക്കും പെണ്‍കുട്ടി കത്തിന്റെ പകര്‍പ്പുകള്‍ അയച്ചിരുന്നു. ‘അവര്‍ ഓഫീസില്‍ വെച്ച്‌ എന്നെ ശാരീരികമായി പീഡിപ്പിച്ചു. അന്ന് വൈകുന്നേരം അവരെന്നെ നിര്‍ബന്ധിച്ച്‌ സമീപത്തെ ഹോട്ടലിലേക്ക് കൊണ്ടുപോയി.

ഞാന്‍ ഇക്കാര്യം ഇതേവരെ വീട്ടിലറിയിച്ചിട്ടില്ല. ഞാന്‍ ജീവിക്കുന്നത് ഒരു ഉള്‍നാടന്‍ പ്രദേശത്താണ്. ഇക്കാര്യം അറിഞ്ഞാല്‍ എന്റെ സഹോദരന്‍ എന്നെ കൊന്നു കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ മരിക്കാന്‍ തീരുമാനിച്ചെങ്കിലും എന്റെ സുഹൃത്ത് ധൈര്യപ്പെടുത്തിയതിനാല്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.’ എന്നും പെൺകുട്ടി പറയുന്നു. കത്ത് ലഭിച്ചയുടന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുകൾ നടന്നിരുന്നു.

സ്കൂളില്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ മറുപടി. അതേ സമയം കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന സ്കൂള്‍ ജീവനക്കാര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.