പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മിഠായികള്‍ വേണ്ട

ന്യൂഡല്‍ഹി: കുട്ടികളെ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ചോക്ലേറ്റ്, മിഠായികള്‍, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വില്‍ക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളിലൂടെ പുകയില വില്‍പ്പനയും നിയന്ത്രണത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ കുമാര്‍ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.