ദിലീപിന് ഇനി തണ്ടര്‍ഫോഴ്‌സിന്റെ സുരക്ഷ; 24 മണിക്കൂറും സുരക്ഷാവലയത്തില്‍

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്സ് എന്ന ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇന്നലെ തണ്ടര്‍ഫോഴ്സിന്റെ ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂറിനു ശേഷം സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മലയാളിയായ ഒരു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി.എ വത്സന്റെ നേതൃത്വത്തിലുള്ളതാണ് തണ്ടര്‍ഫോഴ്സിന്റെ കേരളത്തിലെ ബ്രാഞ്ച്. തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000 ഓളം വികമു്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലാകളില്‍ ഓഫീസുമുണ്ട്.

അതേസമയം, ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സാഹചര്യം എന്താണെന്ന് പോലീസിനും പിടികിട്ടിയിട്ടില്ല. ദിലീപിന്റെ ജീവനും വസ്തുവകകള്‍ക്കും ഭീഷണിയുണ്ടോ എന്ന സംശയവും ഉയര്‍ന്നുവരുന്നുണ്ട്. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമയില്‍ സജീവമാകുന്നതോടെ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സുരക്ഷാസേനയെ നിയോഗിച്ചിരിക്കുന്നതെന്നു വേണം കരുതാന്‍. ദിലീപിന്റെ വീട്ടില്‍ ഗോവയില്‍ നിന്നുള്ള തണ്ടര്‍ഫോഴ്സ് ഇന്നലെ എത്തിയത് വാര്‍ത്തയായിരുന്നു. ഏതെങ്കിലും വി.ഐ.പി സന്ദര്‍ശകര്‍ക്ക് അകമ്പടി വന്നതാവും ഈ സേന എന്നാണ് മാധ്യമങ്ങള്‍ ആദ്യം കരുതിയിരുന്നത്.

ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി ഇനി മുതൽ മൂന്നു പേരുണ്ടാവും. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയൊക്കെയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ബോളിവുഡില്‍ സിനിമാ താരങ്ങൾക്കുളള സമാനമായ സുരക്ഷയാണ് ദിലീപിനും ലഭിക്കുക. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേരാണ് വ്യക്തിഗത സുരക്ഷയ്ക്കായി തണ്ടർഫോഴ്സിനെ സമീപിച്ചിട്ടുള്ളത്. മറ്റു മൂന്നു പേര്‍ വ്യവസായികളാണ്.