94-ാം വയസ്സിൽ വീൽച്ചെയറിലിരുന്ന് ജോർജ് ഡബ്ല്യു ബുഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നടി; മാപ്പു ചോദിച്ച് ബുഷ് സീനിയർ

തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവനടി ഹീതെർ ലിൻഡിനോട് മാപ്പു ചോദിച്ച് യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു. ബുഷ്. വക്താവു വഴിയാണ് ബുഷ് ക്ഷമ ചോദിച്ചത്. തമാശയ്ക്കാണ് താൻ ലിൻഡിനോട് അത്തരത്തിൽ പെരുമാറിയത്. അത് ലിൻഡിന് അനിഷ്ടമുണ്ടാക്കിയെങ്കിൽ നിര്‍വ്യാജം മാപ്പു ചോദിക്കുന്നു. വീൽചെയറിലിരിക്കുമ്പോൾ അറിയാതെ കൈ നടിയുടെ പുറകിൽ തട്ടിയിരിക്കാം. എന്നാൽ തന്റെ പ്രവർത്തി ലിൻഡിന് അനിഷ്ടമുണ്ടാക്കിയതിൽ ആത്മാർഥമായി ക്ഷമാപണം നടത്തുന്നു – ബുഷിന്റെ വക്താവ് പറഞ്ഞു.

നാലു വർഷങ്ങൾക്കു മുൻപൊരു ടെലിവിഷൻ സീരിസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയറിൽനിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ലിൻഡ് ആരോപിച്ചത്. വർഷങ്ങൾക്കു മുൻപാണ് സംഭവമെങ്കിലും അന്നും ബുഷ് വീൽചെയറിലായിരുന്നു. ഒരുമിച്ചു ഫോട്ടോയെടുക്കുമ്പോൾ രണ്ടുവട്ടം ബുഷ് തന്നെ പിന്നിൽനിന്നു തൊട്ടു എന്നാണു ലിൻഡിന്റെ ആക്ഷേപം. മൂന്നാം വട്ടവും ആവർത്തിക്കാൻ തുടങ്ങിയപ്പോൾ വീൽചെയറിന് അടുത്തുണ്ടായിരുന്ന ഭാര്യ ബാർബറ കണ്ണുരുട്ടി. വൃത്തികെട്ട ഒരു തമാശയും ബുഷ് പറഞ്ഞു – ലിൻഡ് ആരോപിക്കുന്നു.

ഹോളിവുഡിൽനിന്ന് ലൈംഗികാരോപണ കഥകൾ പുറത്തുവരുന്നതിനിടെയാണ് ബുഷിനെതിരെയും ആരോപണമുയരുന്നത്. അമേരിക്കൻ ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ, തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടെബാക്ക് എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്.