സുനന്ദയുടെ മരണം: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കോടതിയുടെ നിരീക്ഷണത്തിലാകണം. ഇന്റലിജൻസ് ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), ഡൽഹി പൊലീസ് എന്നിവയുടെ അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിനു സിബിഐ നേതൃത്വം നൽകണം എന്നിവയായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യങ്ങൾ.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നീതിനിർവഹണം വൈകുന്നുവെന്നതിനു തെളിവാണ് ഈ കേസെന്നും പണവും സ്വാധീനവുമുള്ളവർക്കു അന്വേഷണം വഴിതിരിച്ചുവിടാൻ സാധിക്കുമെന്ന് ഇതു വ്യക്തമാക്കുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.