മദ്രസയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ കാര്‍ത്തിക ജങ്ഷനു സമീപമുള്ള ബദറുദ്ദീനെ(47)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

കരൂര്‍ ജങ്ഷനു സമീപമുള്ള മദ്രസയിലാണ് സംഭവം. 10, 12 വയസുള്ള രണ്ടു വിദ്യാര്‍ഥിനികളാണ് പീഡനത്തിന് ഇരയായത്. രണ്ടാഴ്ച മുമ്പാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടികള്‍ രക്ഷാകര്‍ത്താക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്നു രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു. കരൂര്‍ മുഹമ്മദീയ മസ്ജിദിനു കീഴിലുള്ള മദ്രസയിലാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത്. അതിനിടെ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായി ആക്ഷേപമുയരുന്നുണ്ട്.

പരാതിയുമായി മുന്നോട്ടുപോയ ബന്ധുക്കളെ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസും കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെ രക്ഷിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.