ഐക്യകേരളം പിറന്നതിന്റെ ഓര്‍മ്മയുമായി ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവം ആഘോഷിച്ചു

62 വര്‍ഷംമുന്‍പ് ഐക്യകേരളം പിറന്നതിന്റെ ഓര്‍മ്മയുമായി ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവം ആഘോഷിച്ചു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറും നടി ഇവ പവിത്രനും അവതരിപ്പിച്ച നൃത്തങ്ങള്‍ ധന്യമാക്കിയ ആഘോഷത്തില്‍ ന്യു യോര്‍ക്ക് മേഖലയിലെ ന്രുത്ത സംഗീത വിദ്യാര്‍ഥികളും മാറ്റുരച്ചു.

ന്യു യോര്‍ക്ക് കോണ്‍സുലേറ്റിലെ കോണ്‍സല്‍ ദേവീദാസന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കേരളത്തിനു പുറത്ത് ഏറ്റവും മാതൃകാ സമൂഹമാണു മലയാളികളെന്നു അദ്ധേഹം ചൂണ്ടിക്കാട്ടി. വിദേശത്താവുമ്പോള്‍ ഏറ്റവും നല്ല ബന്ധങ്ങളും സൗഹ്രുദവും കാക്കാന്‍ നാം മറക്കാറില്ല. വൈവിധ്യവും മതസൗഹാര്‍ദ്ദവുമൊക്കെ കാത്തു സൂക്ഷിക്കുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടന്ന ആഘോഷത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതം ആശംസിച്ചു. കേരളപ്പിറവിയുടെവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാഷയുടെ ഒരുമ എന്നതിനപ്പുറം സംസ്‌കാരത്തിന്റെ, സര്‍വോപരി മനസ്സുകളുടെ ഒരുമ കൂടിയാണ് കേരളപ്പിറവി എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി ഒറ്റമനസ്സായി മലയാളിസമൂഹം നിലനില്‍ക്കുന്നു. ഏതു രാജ്യത്തേക്കു കുടിയേറി ജീവിച്ചാലും പൈതൃക സമ്പത്തായി ലഭിച്ച സംസ്‌ക്കാരവും ഭാഷയും ഇടമുറിയാതെ കാത്തു സുക്ഷിക്കേണ്ടത് ഇന്നത്തെയും നാളെത്തയും തലമുറകളോടുള്ള ഒരോ വിദേശ മലയാളിയുടെയും കടമയാണെന്ന് ഫൊക്കാന വിശ്വസിക്കുന്നു-ഉണ്ണിത്താന്‍ പറഞ്ഞു.

റീജിണല്‍സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍,ജോയിന്റ് സെക്രട്ടറിമേരി ഫിലിപ്പ് എന്നിവര്‍ ആയിരുന്നു അവതാരകര്‍.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റര്‍ കൂടിയായ എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

അടുത്ത വര്‍ഷം ജൂലൈയില്‍ ഫിലഡല്‍ഫിയയില്‍ നടക്കുന്ന കണ്വന്‍ഷനുള്ള കിക്കോഫ്കണ്വന്‍ഷന്‍ ചെയര്‍ മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിവിധ അസോസിയേഷനുകളില്‍ നിന്ന് ഒട്ടേറെ പേര്‍ കണ്വഷനില്‍ പങ്കെടുക്കാനുള്ള രജിസ്റ്റ്രെഷന്‍ അദ്ധേഹത്തെ ഏല്പിച്ചു. വെസ്റ്റ്‌ചെറ്ററില്‍ നിന്നു രജിസ്റ്റ്രേഷനിലുടെ 30,000 ഡോളര്‍ സമാഹരിക്കാന്‍ തീരുമാനിച്ചതായി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അറിയിച്ചു.

ഇന്ത്യാ പ്രസ് ക്ലബിന്റെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നേടിയ ജോയി ഇട്ടന്‍, നാസോ കൗണ്ടിയുടെ അവാര്‍ഡ് നേടിയ ലീല മാരേട്ട് എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.

കത്തോലിക്ക പുരോഹിതന്‍ ഫാ. ജോണിയുടെ ഓടക്കുഴല്‍ ഗാനാലാപനം ചടങ്ങിനെ ഹ്രുദ്യമാക്കി. നൂപുര സ്‌കൂള്‍ കുട്ടികള്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു. ദിവ്യ മേരി ജെയിംസ് ഗാനമാലപിച്ചു.