പരമേശ്വര്‍ജിയും ,തമ്പാന്‍ തോമസും ഇണ്ടംതുരുത്തിയുടെ മുജ്ജന്മ പാപഫലവും

പി .ശ്രീകുമാർ

കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ ഞാന്‍ അംഗമായിട്ട് കാല്‍ നൂറ്റാണ്ടായി. ഇതിനിടയില്‍ നടന്ന എതാണ്ടെല്ലാ വാര്‍ഷികസമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ അലസരാകുന്ന പ്രതിനിധികള്‍ എല്ലാ സമ്മേളനങ്ങളിലേയും കാഴ്ചയാണ്. പക്ഷേ മലപ്പുറത്തെ സമ്മേളനം വേറിട്ടതായി. അഭിപ്രായപ്രകടനം കയ്യേറ്റത്തിന്റെ വക്കില്‍. പത്രപ്രവര്‍ത്തകര്‍ ഇത്ര അസഹിഷ്ണുക്കളോ എന്ന ചോദ്യം പലവട്ടം മനസ്സില്‍ ഉയര്‍ത്തിയ സമ്മേളനം.

. ഉദ്ഘാടകനായ മുഖ്യമന്ത്രിയും സമാപനസമ്മേളനത്തിലെ മുഖ്യാതിഥി പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയേയും ബിജെപിയേയും ആര്‍എസ്എസിനേയും ഒക്കെ തെറിപറയാന്‍ വേദി ഉപയോഗിച്ചതില്‍ തെറ്റു പറയുന്നില്ല. അതുകേട്ട കൈയടിച്ചവരുടെ രാഷ്ടീയ സത്യസന്ധതയേയും മാനിക്കുന്നു. എന്നാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നു എന്ന് അവകാശപ്പെടുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍, ഞാന്‍ വിശ്വസിക്കുന്ന രാഷ്ടീയത്തെ ( ജന്മഭൂമിയില്‍ 28 വര്‍ഷമായി ജോലിചെയ്യുന്ന എന്റെ രാഷ്ടീയസങ്കല്‍പ്പം നിലനിര്‍ത്തുമ്പോള്‍തന്നെ മറ്റുള്ളവരുടെ രാഷ്ട്ീയത്തെ മാനിച്ചു ക്കൊണ്ടുതന്നെയാണ് യുണിയനില്‍ ഇതേവരെ പ്രവര്‍ത്തിച്ചത്) ഇകഴ്ത്താന്‍ സമ്മേളനത്തെ ഉപയോഗിക്കുന്നതു കണ്ടപ്പോള്‍ തോന്നിയത് പുച്ഛം. ബിജെപിയേയും ആര്‍എസ്എസിനേയും ആക്ഷേപിക്കാന്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ അവരുടെ ഭാഗം പറയാന്‍ പേരിനെങ്കിലും ഒരാളെ വിളിക്കേണ്ടിയിരുന്നില്ലേ. ഇക്കാര്യം ഞാന്‍ ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.

കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ഉടയതമ്പുരാന്‍ എന്ന ഭാവത്തില്‍ മിക്ക സമ്മേളനങ്ങളിലും വന്ന് താന്‍ പെരുമ വിളമ്പാറുള്ള തമ്പാന്‍ തോമസ് ഇത്തവണയും ഉണ്ടായിരിന്നു. യൂണിയന്റെ കേസെല്ലാം സൗജന്യമായി വാദിക്കുന്ന വക്കീല്‍, വേജ് ബോര്‍ഡ് കേസ് ജയിക്കാന്‍ കാരണക്കാരന്‍ എന്നൊക്കെയുള്ള ഉമേജ് കല്‍പിച്ചു നല്‍കുകയും അതെടുത്തണിഞ്ഞ് ഗമയിലിരിക്കുകയും ചെയ്യുന്ന തമ്പാന്റെ വിവരക്കേടിനും അല്പത്തരത്തിനും മാത്രമല്ല മുഖം മൂടി അഴിഞ്ഞു വീഴുന്നതിനും മലപ്പുറം സമ്മേളനം വേദിയായി.

ഇന്ത്യയിലെ പത്രങ്ങളുടെ ആകെ വരുമാനത്തിന്റെ 70 ശതമാനം കേന്ദസര്‍ക്കാറിന്റെ പരസ്യമാണെന്ന് മുന്‍ എം പി കൂടിയായ ഒരാള്‍ ആവര്‍ത്തിച്ചു പറയുന്നത് വിവരക്കേടല്ലങ്കില്‍ പിന്നെയെന്താ.
പി പരമേശ്വര്‍ജിയെ അനാവശ്യമായി പരാമര്‍ശിച്ചാണ് തന്റെ അല്പത്തം തമ്പാന്‍ പുറത്തെടുത്തത്. ദീനദയാല്‍ ഉപാധ്യയയുടെ ആശയങ്ങളുടെ കേരളത്തിലെ താത്വികാചാര്യന്‍ പി പരമേശ്വരനും താനും അടിയന്തരാവസ്ഥക്കാലത്ത് ഒന്നിച്ചു കിടന്നിട്ടുണ്ടന്നും ഒരാള്‍ അയിത്ത ജാതിക്കാരനായി ജനിക്കുന്നത് മുജ്ജന്മ പാപഫലമാണെന്നു പരമേശ്വരന്‍ തന്നോടും പറഞ്ഞുവന്നും തമ്പാന്‍ തോമസ് പ്രസംഗിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇണ്ടം തുരുത്തി നമ്പൂതിരിയാണ്. പില്‍കാലത്ത് കേരളത്തിലെ എല്ലാ സാമൂഹിക നവോത്ഥാന പരിശ്രമങ്ങള്‍ക്കും പ്രചോദനവും പ്രതീക്ഷയും നല്‍കിയ വൈക്കം സത്യഗ്രഹത്തിലെ പ്രധാന കഥാപാത്രമായിരുന്നു ഇണ്ടംതുരുത്തി. സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി എത്തിയ ഗാന്ധിജി അയിത്തത്തിനെക്കുറിച്ചും ആളുകളെ വഴിനടത്താത്തതിനെക്കുറിച്ചും ഊരാഴ്മക്കാരില്‍ പ്രധാനിയായ ഇണ്ടം തുരുത്തി മനയില്‍ ദേവദത്തന്‍ നമ്പൂതിരിയോട് സംസാരിച്ചു. ‘ ഞങ്ങളുടെ ആചാരവും വിശ്വാസവും അനുസരിച്ച് ‘ഒരുവന്‍ അയിത്ത ജാതിയില്‍ പിറക്കുന്നത് മുജ്ജന്മപാപഫലമായാണ്. ആചാരങ്ങളെല്ലാം ആദിശങ്കരനാല്‍ കല്പിക്കപ്പെട്ടതാകയാല്‍ അലംഘനിയമാണ്.’ എന്നു പറഞ്ഞ് പ്രമാണരേഖയായി ‘ശാംകരസ്മൃതി” എന്ന പുസ്തകം ഗാന്ധിജിക്ക് നല്‍കി..’ശാംകരസ്മൃതി” പരിശോധിക്കാന്‍ ഗാന്ധിജി, കേളപ്പജിയെ ഏല്‍പിച്ചു. കേളപ്പജി ഗ്രന്ഥം കൃഷ്ണന്‍ നമ്പ്യാതിരിക്ക് കൈമാറി. പുസ്തകം ഇഴകീറി പരിശോധിച്ച നമ്പ്യാതിരി ‘ശാംകരസ്മൃതി” ശങ്കരാചാര്യര്‍ എഴുതിയതല്ലന്ന് കാര്യകാരണസഹിതം സ്ഥാപിച്ചു. ഇണ്ടം തുരുത്തി നമ്പൂതിരിയുടെ അഹന്തയുടെ സ്മൃതിപുസ്തകം വലിച്ചുകീറി സമാജത്തിന്റെ കണ്ണുതുറപ്പിച്ച കൃഷ്ണന്‍ നമ്പ്യാതിരി പിന്നീട് സന്യാസം സ്വീകരിച്ചു.. സ്വാമി ആഗമാനന്ദയായി. ഒരുകാലത്ത് കേരളത്തിലെ ആധ്യാത്മികതയുടെ അവസാന വാക്കായിരുന്ന ആഗമാനന്ദ സ്വാമിയില്‍നിന്ന് ആവേശവും ആദര്‍ശവും ഉള്‍കൊണ്ട് സമാജസേവനത്തിന്റെ പാതയില്‍ ഉറച്ചു നിന്നയാളാണ് പരമേശ്വര്‍ജി. അങ്ങനെ ഒരാള്‍ മുജ്ജന്മപാപഫല സിദ്ധന്തം പറഞ്ഞു എന്ന പെരും നുണ തമ്പാന്‍ തോമസിനെപ്പോലൊരു അല്പനേ ഉളിപ്പില്ലാതെ പറയാന്‍ കഴിയു.

തമ്പാന്‍ തോമസിന്റെ മുഖംമൂടി അഴിച്ചത് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ്. തമ്പാന്‍ തോമസ് ഔദ്യോഗിക നിയമോപദേശകനൊന്നുമല്ലന്നും യൂണിയനുവേണ്ടി കേസ് വാദിച്ചത് പണം എണ്ണി വാങ്ങിയാണെന്നും ചര്‍ച്ചക്കിടെ ജനറല്‍ സെക്രട്ടറിക്ക് പറയേണ്ടിവന്നു.( സുപ്രീം കേടതിയില്‍ കേസ് വാദിച്ചത് വിവരമുള്ള വേറെ അഭിഭാഷകരാണ്) സമാജസേവനത്തിനായി ഋഷി തുല്യ ജീവിതം നയിക്കുന്ന പരമേശ്വര്‍ജിയെ ആക്ഷപിച്ച അവസരവാദ രാഷ്ടീയക്കാരന് ( മാവേലിക്കരില്‍ മത്സരിക്കുമ്പോള്‍ ജനതാപാര്‍ട്ടി, കോട്ടയത്ത് ജനതാദള്‍. പിന്നീട് പലപല പാര്‍ട്ടി. ഇപ്പോള്‍ ഏതുപാര്‍ട്ടിയെന്ന് ആര്‍ക്കറിയാം)അതേ വേദിയില്‍ തന്നെ ആക്ഷേപം കേള്‍ക്കേണ്ടി വന്നതാകാം മുജ്ജന്മ പാപഫലം.