സൗദി അറേബ്യ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടുന്നുപോകുന്നത്. സര്‍ക്കാര്‍ തലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്തി അഴിമതി മുക്ത ഭരണത്തിനുള്ള വഴി തേടുന്നു ഭരണകൂടം. എന്നാല്‍ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ മറ്റൊരു ശക്തി തന്ത്രപൂര്‍വം കളിക്കുന്നു.
സൗദി അറേബ്യയില്‍ ഇന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. നിലവിലെ രാജാവ് സല്‍മാന്റെ മകന്‍. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെ അങ്ങനെ ആയിരുന്നില്ല. ജൂണ്‍ 21നാണ് എല്ലാം മാറിമറിഞ്ഞത്. രാജകുടുംബത്തെ ഞെട്ടിച്ചുള്ള ആ പ്രഖ്യാപനം വഴിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത്. ഇന്നിപ്പോള്‍ അദ്ദേഹം അടുത്ത രാജാവാകുമെന്ന ചര്‍ച്ച നടക്കുന്നു. പക്ഷേ, ജൂണ്‍ 21 വരെ മറ്റൊരാളായിരുന്നു കിരീടവകാശി. അദ്ദേഹത്തിന്റെ പേരാണ് മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരന്‍.
ഇന്ന് അദ്ദേഹം എവിടെ എന്ന ചോദ്യം പ്രസക്തമാകുകയാണ്. പ്രത്യേകിച്ച് സൗദിയില്‍ രാജകുടുംബങ്ങളെ അടക്കം നിരവധി പേരുടെ കൂട്ട അറസ്റ്റ് നടന്ന പശ്ചാത്തലത്തില്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കാന്‍ ആദ്യം പണി കൊടുത്ത വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. സല്‍മാന്‍ രാജാവിന് ശേഷം രാജാവാകേണ്ട വ്യക്തി. ഇന്ന് അദ്ദേഹത്തെ കുറിച്ച് വാര്‍ത്തകള്‍ ഇല്ല. മാസങ്ങള്‍ക്ക് മുമ്പ് വരെ സൗദിയുടെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്നു മുഹമ്മദ് ബിന്‍ നയിഫ്.
ജൂണ്‍ 21നാണ് മുഹമ്മദ് ബിന്‍ നായിഫിനെ കിരീടവകാശി പദവിയില്‍ നിന്ന് മാറ്റിയത്. ഈ പദവി മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കൊടുത്തു സല്‍മാന്‍ രാജാവ്. പിന്നീട് മുഹമ്മദ് ബിന്‍ നായിഫിനെ പൊതുവേദികളില്‍ കണ്ടിട്ടില്ല. അതുവരെ മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവില്‍ മുഹമ്മദ് ബിന്‍ നായിഫിനെ പറ്റി വിശദമായ വാര്‍ത്ത കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. അതില്‍ പറയുന്നത് അദ്ദേഹം തടവിലാണെന്നാണ്. ജിദ്ദയിലെ കൊട്ടാരത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
സൗദിയിലേയും അമേരിക്കയിലേയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്. തടവിലാക്കുന്നതിന് തൊട്ടുമുമ്പ് വരെ സൗദിയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായിരുന്നു മുഹമ്മദ് ബിന്‍ നയിഫ്. ഇദ്ദേഹം മാത്രമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നില്‍ അധികാരത്തിന് തടസമായുണ്ടായിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സൗദി വിദേശകാര്യ മന്ത്രാലയം തള്ളുകയായിരുന്നു. ആഭ്യന്തര മന്ത്രി പദവിയും ജൂണ്‍ വരെ വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. ഇന്ന് ആ പദവി വഹിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്.
എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണയ്ക്കുന്ന രാജകുടുംബത്തിലെ ആളുകള്‍ പറയുന്നത് മറ്റൊന്നാണ്. മുഹമ്മദ് ബിന്‍ നയിഫ് സ്വയം തയ്യാറായി പിന്‍മാറുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. രാജ്യത്തിന് യുവ നേതൃത്വം വരട്ടെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ന് ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. കൂടാതെ അടുത്തിടെ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ. മുഹമ്മദ് ബിന്‍ നയിഫിനെ പുറത്താക്കിയതാണെന്ന ആരോപണത്തെ ചെറുക്കാന്‍ നയിഫും മുഹമ്മദ് ബിന്‍ സല്‍മാരും ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍.











































