മഹിളാമോര്‍ച്ച നേതാവിന് ബി.ജെ.പി നേതാവിന്റെ അശ്ലീല സന്ദേശം; ബി.ജെ.പി നടപടിയെടുക്കും

മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി നേതാവിനെതിരെ നടപടി. ബിജെപി മധ്യമേഖല സംഘടനാ സെക്രട്ടറി കാശിനാഥിനെതിരെയാണ് നടപടിയുണ്ടായത്.
യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന ആലുവ സ്വദേശിയായ കാശിനാഥിനെ ചുമതലകളില്‍ നിന്നും നീക്കി.

എബിവിപി മുന്‍ സംസ്ഥാനനേതാവാണ് കാശിനാഥ്.
പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാനകമ്മിറ്റിയിലാണ് മധ്യമേഖല സംഘടനാ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള കാശിനാഥിന്റെ ശല്യം സഹിക്കാതെയാണ് മഹിളാമോര്‍ച്ച നേതാവിന്റെ ഭര്‍ത്താവായ ടൂര്‍ ടാക്‌സി ഡ്രൈവര്‍ നേതൃത്വത്തിനും ആര്‍എസ്എസ് ജില്ലാഘടകത്തിനും പരാതി നല്‍കിയത്.

‘സമ്ബര്‍ക്കം’ എന്ന പേരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മധ്യമേഖലാസെക്രട്ടറി ചെങ്ങമനാട്ടെ മഹിളാ മോര്‍ച്ച നേതാവുമായി ഇടപെടാറുണ്ടായിരുന്നു. തുടര്‍ന്ന് വീഡിയോ ചാറ്റിനുള്ള ആപ്പായ ഐഎംഒ ഉപയോഗിച്ചായിരുന്നു അശ്ലീല സന്ദേശം അയച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്ക് മാറ്റി. എന്നാല്‍, യുവതിയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലുവ മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും വീടുകയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.