55 ദിവസം കൊണ്ട് 55 കോടി: രാമലീലയുടേത് ചരിത്ര വിജയം

പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ഇടയിൽ ചരിത്രവിജയം നേടി രാമലീല. 55 ദിവസം കൊണ്ട് 55 കോടി കളക്‌ട് ചെയ്താണ് ജനപ്രീയനായകൻ പുതിയ ചരിത്രം എഴുതിയിരിക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീലയിലെ ദിലീപിന്‍റെ കഥാപാത്രം അദേഹത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷങ്ങളിൽ ഒന്നാണ്.

ലോകമെമ്പാടു നിന്നും 55 കോടി രൂപ ഈ ചിത്രം കളക്ഷന്‍ നേടി എന്നാണ് മുളകുപാടം ഫിലിംസ് ഒഫീഷ്യല്‍ ആയി പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം 55 കോടി നേടിയതായി അറിയിച്ചു കൊണ്ടുള്ള പോസ്റ്ററുകളും ഒഫീഷ്യല്‍ ആയി മുളകുപാടം ഫിലിംസ് റിലീസ് ചെയ്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ 150 കോടി ക്ലബ്ബില്‍ ഇടം നേടിയ പുലി മുരുകന്‍ എന്ന ചിത്രം നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച രാമലീല, അരുണ്‍ ഗോപി എന്ന നവാഗതന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

സച്ചി തിരക്കഥയൊരുക്കിയ ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക, രാധിക ശരത്കുമാർ, വിജയരാഘവൻ, സായ്‌കുമാർ, ജി സുരേഷ്കുമാർ, സുരേഷ് കൃഷ്ണ ,മുകേഷ് രഞ്ജി പണിക്കർ തുടങ്ങി വമ്പൻതാരനിരയാണ് അണി നിരന്നത്.