ബഡ്ജറ്റ് കൂടുന്ന ചിത്രങ്ങള്‍ മികച്ചതല്ലെങ്കില്‍ കൈ പൊള്ളും

തിരുവനന്തപുരം: പത്ത് കോടിയിലധികം മുതല്‍മുടക്കുള്ള സിനിമകള്‍ ഏറ്റവും മികച്ചതല്ലെങ്കില്‍ നിര്‍മാതാക്കളുടെ കൈ പൊള്ളും. 25 കോടിയിലധികം മുതല്‍മുടക്കിയ പുലിമുരുകന്‍ വിജയം നേടുമോ എന്ന് നിര്‍മാതാവിന് ആശങ്കയുണ്ടായിരുന്നു. തമിഴിലും തെലുങ്കിലും വിദേശത്തും ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ കാണാന്‍ ഇവിടങ്ങളിലെ പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണെന്നും ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിന്‍ പറഞ്ഞത് കൊണ്ടാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം ഇത്രയും തുക മുടക്കിയത്. 15 കോടി രൂപയ്ക്കാണ് പുലിമുരുകന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്.
പുലിമുരുകന്‍ എക്സ്ട്രാ ഓര്‍ഡിനറി ആയത് കൊണ്ട് തിയറ്ററുകളില്‍ തൃശൂര്‍ പൂരമാണ്. എന്നാല്‍ മറ്റ് പല ചിത്രങ്ങളുടെയും വരാനിരിക്കുന്ന ചിത്രങ്ങളുടെയും അവസ്ഥ അങ്ങനെയല്ല. നാല് കോടിയില്‍ താഴെ മുതല്‍ മുടക്കുള്ള പ്രേമം 25 കോടിയിലധികം കളക്ട് ചെയ്തു. അത്രതന്നെ മുടക്കുള്ള കട്ടപ്പനയിലെ ഋത്വിക് റോഷനും സൂപ്പര്‍ഹിറ്റാണ്. അതേസമയം 14 കോടി ചെലവഴിച്ച് ഒരുക്കിയ ലൈലാ ഓ ലൈല ആറ് കോടിയിലധികം നഷ്ടം വരുത്തിയിരുന്നു. ഡബിള്‍ബാരല്‍ എന്ന ചിത്രം പരീക്ഷണമായത് കൊണ്ട് നിര്‍മാണം സ്വയം ഏറ്റെടുക്കുകയായിരുന്നെന്ന് നിര്‍മാതാവുകൂടിയായ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന ടിയാന്‍ എന്ന ചിത്രം 20 കോടിമുടക്കിയാണ് എടുക്കുന്നത്. ഇന്ദ്രജിത്താണ് നായകന്‍. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നേ ഉള്ളൂ. ഈ സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യുമെന്ന ആശങ്ക നിര്‍മാതാവിനുണ്ട്. കാരണം ഹൈദരാബാദിലെ ചിത്രീകരണത്തിനിടെ സെറ്റിന് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു.
ജയരാജ് സംവിധാനം ചെയ്ത വീരത്തിന്റെ ബജറ്റ് 35 കോടിയാണെന്ന് പറയുന്നു. കുനാല്‍ കപൂറാണ് നായകന്‍. നാലഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഷെക്‌സ്പിയറിന്റെ മാക്ബത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പക്ഷെ, ജനപ്രിയതാരങ്ങളില്ലാത്ത ഒരു സിനിമയ്ക്ക് ഇനീഷ്യല്‍ കളക്ഷനുണ്ടാവില്ല. അഥവാ സിനിമ നല്ലതാണെങ്കിലും താരങ്ങളില്ലാത്ത ചിത്രം എങ്ങനെ ഇത്രയും തുക തിരിച്ച് പിടിക്കുമെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് ആശങ്കയുണ്ട്.