രാധിക മേനോന് ധീരതയ്ക്കുള്ള പുരസ്കാരം

ലണ്ടൻ: പ്രക്ഷുബ്ധമായ ബംഗാൾ ഉൾക്കടലിൽ തകർന്ന മത്സബന്ധന ബോട്ടിൽ അകപ്പെട്ട ഏഴു മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഇന്ത്യയുടെ ആദ്യത്തെ മർച്ചന്റ് നേവി വനിതാ ക്യാപ്റ്റനു ധീരതയ്ക്കുള്ള പുരസ്കാരം.

മലയാളിയായ ക്യാപ്റ്റൻ രാധിക മേനോനാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹയായത്. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും അവർ കരസ്‌ഥമാക്കി. കഴിഞ്ഞദിവസം ഐഎംഒ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ രാധിക പുരസ്കാരം ഏറ്റുവാങ്ങി. ഒരു സമുദ്രസഞ്ചാരിയുടെ കടമയാണു താൻ നിർവഹിച്ചതെന്നും തനിക്കും ടീമിനും ലഭിച്ച വലിയ ബഹുമതിയാണിതെന്നും അവാർഡ് സ്വീകരിച്ച് അവർ പറഞ്ഞു. അവാർഡിനായി ഭാരത സർക്കാരാണ് രാധികയുടെ പേര് ശിപാർശ ചെയ്തത്. സ്വന്തം ജീവൻപോലും അവഗണിച്ച് ആപത്ഘട്ടങ്ങളിൽ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സമുദ്രസാഞ്ചാരികൾക്കാണ് എല്ലാ വർഷവും ഐഎംഒ ധീരതാ പുരസ്കാരം നല്കിവരുന്നത്.

പ്രക്ഷുബ്ധമായ കടലിൽ യന്ത്രത്തകരാറിലായ മത്സ്യബന്ധന ബോട്ട് ദുർഗാമ്മയിൽ വെള്ളവും ഭക്ഷണവുമില്ലാതെ കഴിഞ്ഞിരുന്ന തൊഴിലാളികളെയാണ് 2015 ജൂണിൽ രാധികയുടെ നേതൃത്വത്തിലുള്ള മർച്ചന്റ്നേവി സംഘം രക്ഷപ്പെടുത്തിയത്. രാധിക ക്യാപ്റ്റനായ ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള സമ്പൂർണ സ്വരാജ് എന്ന കപ്പൽ ഒഡീഷ തീരത്തെ ഗോപാൽപുരിൽനിന്ന് 2.5 കിലോമീറ്റർ അകലെവച്ചാണ് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്.

25 അടി ഉയരത്തിൽ അഞ്ഞടിച്ച തിരയും 60 നോട്ടിക്കൽ മൈൽ വേഗത്തിലുള്ള കാറ്റും ശക്‌തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പൈലറ്റ് ലാഡറും ലൈഫ് ജാക്കറ്റും ബോയിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. 15 മുതൽ 50 വയസുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഒമ്പത് അംഗരാജ്യങ്ങളിൽനിന്നും ഒരു സംയുക്‌തരാജ്യാന്തര സംഘടനയിൽനിന്നുമായി 23 പേരെയാണ് അവാർഡിനായി സമിതി പരിഗണിച്ചത്. ഇതിൽ നാലു പേർക്കു പ്രശസ്തി പത്രവും ആറു പേർക്കു പ്രശസ്തി കത്തും ലഭിച്ചു. ഇതിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ദാമൻ കോസ്റ്റ്ഗാർഡ് എയർസ്റ്റേഷനിലെ സിജി 822 ഹെലികോപ്റ്ററിന്റെ വിഞ്ച് ഓപ്പറേറ്റർ ബി.എം. ദാസ്, ഡ്രൈവർ ഉത്തം നായിക് എന്നിവർക്കാണു പുരസ്കാരം ലഭിച്ചത്. കടലിൽ തകർന്നു മുങ്ങിയ ചരക്കുകപ്പൽ കോസ്റ്റൽ പ്രൈഡിലെ 14 നാവികരെയാണ് ഇവരുടെ നേതൃത്വത്തിൽ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.