ഫോണ്‍ കെണി വിവാദം :ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. റിട്ട. ജില്ലാ ജഡ്ജി പി എസ് ആന്റണിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കഴിഞ്ഞ മാര്‍ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നത്. ചാനല്‍ റിപ്പോര്‍ട്ടറായ യുവതിയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. സംഭാഷണം പുറത്ത് വന്നതോടെ അന്ന് തന്നെ മന്ത്രി രാജിവെച്ചു.

സംഭവത്തിലെ ഗൂഢാലോചനയാണ് റിട്ട. ജില്ലാ ജഡ്ജി പി.എസ് ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷിച്ചത്.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക, ദുരുദ്ദേശത്തോടെ ആരെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചു എന്നീ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ ശുപാര്‍ശ ചെയ്യാനും നിര്‍ദേശിച്ചിരുന്നു.
മൂന്ന് മാസമായിരുന്ന കമ്മിഷന്റെ കാലാവധി പിന്നീട് ആറ് മാസത്തേക്ക് കൂടി നീട്ടി. 20 ഓളം പേരെ വിസ്തരിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുമാണ് കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് പി.എസ് ആന്റണി വ്യക്തമാക്കി.ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃപ്തനാണ്. ഫോണ്‍വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയെകുറിച്ചും പരിശോധിച്ചു. എല്ലാവര്‍ക്കും മൊഴി നല്‍കാനുള്ള അവസരം കമ്മിഷന്‍ ഒരുക്കിയിരുന്നു. ഹാജരാകുകയെന്നത് കക്ഷികളുടെ താല്‍പര്യമാണെന്നും റിപ്പോര്‍ട്ടില്‍ കമ്മിഷന് തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് തിടുക്കത്തില്‍ സമര്‍പിക്കാന്‍ ഒരു സമ്മര്‍ദമുണ്ടായിട്ടില്ലെന്നും ആന്റണി കമ്മിഷന്‍ വിശദമാക്കി.

കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമാവുമെന്ന് പ്രതീക്ഷയിലാണ് എന്‍.സി.പി. പാര്‍ട്ടിയിലെ രണ്ടു മന്ത്രിമാരും രാജിവെക്കേണ്ടി വന്ന് സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ശശീന്ദ്രനും എന്‍.സി.പിക്കും ഏറെ നിര്‍ണായകമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ