ഒമാനില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി

ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിന് അടുത്തുള്ള അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി പത്തനം തിട്ട കോന്നി സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയുടെ(18) മൃതദേഹം കണ്ടെത്തി.ഒമാനിലെ മദാ അണക്കെട്ടില്‍ നിന്നാണ് ഒമാന്‍ റോയല്‍ പോലീസ് മൃതദേഹം കണ്ടെടുത്തത്. ആല്‍ബര്‍ട്ടിന്റെ പിതാവ് ജോയി ഒമാനിലേക്ക് പുറപ്പെട്ടു.കഴിഞ്ഞ ആറു ദിവസമായി ആല്‍ബര്‍ട്ടിനായി തിരച്ചില്‍ നടക്കുകയായിരുന്നു.ആല്‍ബര്‍ട്ടിന്റെ വാഹനവും പറ്റേദിവസം ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തിയെങ്കിലും ആല്‍ബര്‍ടിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.എല്ലാവരുടേയും പ്രാര്‍ത്ഥന വിഫലമാകുകയായിരുന്നു.

റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ബിറ്റ്‌സ് )യിലെ വിദ്യാര്‍ഥിയായ ആല്‍ബര്‍ട് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സുഹൃത്തുക്കള്‍ക്കൊപ്പം തടാകം കാണാന്‍ ചെന്നപ്പോള്‍ ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു.വാഹനത്തിനൊപ്പം ഒഴുക്കില്‍പ്പെട്ടു.കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.