ബില്‍ ക്ലിന്റണ്‍ ലൈംഗീക അതിക്രമത്തിന് ശ്രമിച്ചതായി നാലു സ്ത്രീകളുടെ പരാതി

വാഷിങ്ടണ്‍ : യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ ലൈംഗീക ആരോപണവുമായി നാല് സ്ത്രീകള്‍ രംഗത്ത്. ക്ലിന്റന്റെ നിയമസംഘം ആരോപണങ്ങള്‍ ഉയര്‍ന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ത്രീകള്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കേസ് ഒതുക്കണമെങ്കില്‍ വന്‍ തുക പണമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ് ഹൗസ് വിട്ടശേഷം റോണ്‍ ബര്‍ക്ലി എന്ന കോടീശ്വരനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സമയം ക്ലിന്റണ്‍ ലൈംഗീക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ആരോപണം. ബര്‍ക്ലിയുടെ സ്വകാര്യ ജെറ്റില്‍ ക്ലിന്റണ്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ സമയം ബര്‍ക്ലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍, വിഷയത്തെ സംബന്ധിച്ച് ബര്‍ക്ലിക്ക് പോലും അറിവില്ലെന്നും തെളിവുകള്‍ അവശേഷിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തൊണ്ണൂറുകളില്‍ വൈറ്റ് ഹൗസ് ജീവനക്കാരി മോനിക്ക ലെവന്‍സ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലും ബില്‍ ക്ലിന്റണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.