ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം

ന്യൂഡല്‍ഹി: ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം സുപ്രീംകോടതിയെ അറിയിക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു..ഇക്കാര്യം മനസ്സിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും കോടതിയില്‍ വ്യക്തമാക്കും.മാത്രമല്ല, ഇതിനെ സാധൂകരിക്കുന്ന മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഹാദിയയുടെ അച്ഛനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം.നേരത്തെ, എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തിരുന്നു. ഹാദിയയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.

സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുന്നത്.നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.
തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹാദിയയെ ഹാജരാക്കുന്നത്.
ശനിയാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഹാദിയക്കും കുടുംബത്തിനും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.