ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി;സേലത്ത് പഠനം പൂര്‍ത്തിയാക്കാം

ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി.മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍ ലോക്കല്‍ ഗാര്‍ഡിയനായിരിക്കുമെന്നും കോടതി അറിയിച്ചു.
പക്ഷെ ഭര്‍ത്താവിനൊപ്പം കഴിയണമെന്ന ഹാദിയയുയെ ആവശ്യം തല്‍ക്കാലം കോടതി അംഗീകരിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്ന ആവശ്യവും കോടതി തള്ളിക്കളഞ്ഞു അതെല്ലാം പിന്നീട് പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്നെ ഷെഹിന്‍ സംരക്ഷിച്ചുകൊള്ളുമെന്നും ഹാദിയ കോടതിയില്‍ വ്യക്തമാക്കി.
വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും, പഠനം പൂര്‍ത്തിയാക്കാനനുവദിക്കണമെന്നും പരിഭാഷകന്റെ സഹായത്തോടെ ഹാദിയ കോടതിയെ അറിയിച്ചു.എന്താണ് സ്വപ്നമെന്ന ജഡ്ജിയുടെ ചോദ്യത്തിനായിരുന്നു ഹാദിയയുടെ മറുപടി.

ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്നും തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്ന് ഹാദിയ മറുപടി നല്‍കി.11 മാസമായി മാനസികപീഡനം അനുഭവിക്കുന്നു, മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന ലഭിക്കണം. ഭര്‍ത്താവിനെ കാണണം. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചെലവില്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്നു കോടതി ചോദിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും പഠനച്ചെലവ് ഭര്‍ത്താവ് വഹിക്കുമെന്നും ഹാദിയ പറഞ്ഞു.ഹാദിയയെ ഇന്നോ നാളെയോ തമിഴ്‌നാട് സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ എത്തിക്കണം. കോളജില്‍ സാധാരണ വസ്ത്രത്തില്‍ വനിതാ പൊലിസുകള്‍ ഹാദിയയ്‌ക്കൊപ്പം ഉണ്ടാവണം. ഹാദിയയുടെ പഠനക്കാര്യത്തില്‍ ഡീന്‍ ആയിരിക്കും ഉത്തരവാദി. മറ്റു വിദ്യാര്‍ഥികളെ പോലെ തന്നെ ഹാദിയയെയും കാണണം. മറ്റു വിദ്യാര്‍ഥികള്‍ക്ക് ബാധകമാവുന്ന നിയമങ്ങള്‍ മാത്രമേ ഹാദിയയ്ക്കും ഉണ്ടാകാവൂ. തമിഴ്‌നാട് സര്‍ക്കാര്‍ ഹാദിയയ്ക്ക് സുരക്ഷ ഒരുക്കണമെന്നും സുപ്രിം കോടതി വിധിച്ചു.ഹാദിയയെ അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയ സുപ്രിംകോടതി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തുടങ്ങുകയായിരുന്നു.

അതേസമയം, ഭര്‍ത്താവ് ഷെഫില്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതു തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും ഏഴ് കേസുകള്‍ കൂടി അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം നിര്‍ണയിക്കാനുളള അവകാശമുണ്ടെന്ന് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നത്തിന് വര്‍ഗീയനിറം നല്‍കരുത്. തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്. അതിന്റെ അനന്തര ഫലം എന്തായാലും അവള്‍ അനുഭവിക്കും കപില്‍ സിബല്‍ പറഞ്ഞു.കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേക്കു കൊണ്ടുവന്നത്. ശക്തമായ പൊലിസ് കാവലില്‍ ശനിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ഹാദിയ അച്ഛന്‍ അശോകനൊപ്പമാണ് സുപ്രിം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെയാണ് ഹാദിയയെ ഹാജരാക്കുന്നത്.

ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍ ഇന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിഷ്പക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നു കഴിഞ്ഞമാസം 30നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പിലാണ് ഹാദിയ മൊഴി നല്‍കിയത്.ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിക്കും.ഭര്‍ത്താവിന്റെ കൂടെ പോവണം എന്ന നിലപാടാണ് ഹാദിയ സ്വീകരിക്കുക എങ്കില്‍, ഇന്നു തന്നെ ഭര്‍ത്താവിന്റെ കൂടെ വിടുമോ അതോ സര്‍ക്കാരിനു കീഴിലുള്ള മറ്റുകേന്ദ്രത്തിലേക്ക് ആവുമോ മാറ്റുക എന്നു വ്യക്തമല്ല. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കട്ടെ ബാക്കി കാര്യങ്ങള്‍ അതിനു ശേഷം പരിഗണിക്കാമെന്നു നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.ഹാദിയയുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ചോദ്യംചെയ്തും യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവ് ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി പരിഗണനയിലുള്ളത്.