പി വി അന്‍വറിനെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി രംഗത്ത്

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തെളിവുകള്‍ വ്യക്തമാക്കി. പി വി അന്‍വറിനെ കേന്ദ്രസര്‍ക്കാര്‍ അയോഗ്യനാക്കിയിട്ടുണ്ടെന്ന് എം ടി രമേശ് വെളിപ്പെടുത്തി. അതോടെ ഒരു കമ്പനിയുടെ ഡയറക്ടറായിരിക്കാനും അന്‍വറിന് നിയമപരമായി അധികാരമില്ലാതായെന്നും എം.ടി. രമേശ് പറഞ്ഞു.

നിലവില്‍ നാലു കമ്പനികള്‍ അന്‍വറിന്റെ പേരിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പീവീസ് റിയല്‍റ്റേഴ്‌സ് എന്ന ഒരു കമ്പനിയെപ്പറ്റി മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെന്നും രമേശ് പറഞ്ഞു. വിവാദമായ പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിനെ കൂടാതെ ഗ്രീന്‍സ് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പി.വി.ആര്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും അന്‍വറിന്റേതാണ്. ഇതില്‍ പീവീസ് റിയല്‍റ്റേഴ്‌സ്, ഗ്രീന്‍സ് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍ എന്ന നിലയിലാണ് അന്‍വറിനെ കേന്ദ്രം അയോഗ്യനാക്കിയത്. കേന്ദ്ര നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെട്ട ഡയറക്ടര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയുടേയും ഉടമസ്ഥത വഹിക്കാനാകില്ല. അന്‍വറിന്റെ കമ്പനികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും വ്യാജ സത്യവാങ്മൂലം നല്‍കിയ എം.എല്‍.എക്കെതിരെ കോടതിയേയും ഗവര്‍ണറേയും സമീപിക്കും. നിലവിലെ എല്ലാ നിയമങ്ങളും ലംഘിച്ച് കമ്പനി നടത്തുന്ന അന്‍വര്‍ ജനപ്രതിനിധി സ്ഥാനം രാജിവെക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നയാളെ സി.പി.ഐ.എം എം.എല്‍.എയാക്കിയത് എന്തിനാണെന്ന് വിശദീകരിക്കണം. അന്‍വറിനോട് രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ഭയക്കുകയാണെന്നും അദ്ദഹം പറഞ്ഞു.

അന്‍വറിന്റെ ഇടപാടുകളില്‍ സി.പി.ഐ.എം നേതാക്കള്‍ക്കും പങ്കുണ്ടോയെന്ന് സംശയമുണ്ട്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുന്നണി മര്യാദ തടസ്സമായെന്ന് പറഞ്ഞ പിണറായിക്ക് സ്വന്തം പാര്‍ട്ടി എം.എല്‍.എയുടെ രാജി ആവശ്യപ്പെടാന്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.