രാജ്യത്തിനു മേല്‍ ശ്രദ്ധയൂന്നാൻ തെരേസാ മേയോട് ട്രംപിന്റെ ഉപദേശം

വാഷിങ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് പരസ്യമായി കൊമ്പു കോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ സ്വന്തം രാജ്യത്തിനു മേല്‍ ശ്രദ്ധയൂന്നു എന്നാണ് ട്രംപിന്റെ ഉപദേശം. ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നടപടികള്‍ക്കെതിരായ തെരേസാ മേയുടെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്വിറ്റര്‍ വഴിയാണ് ട്രംപിന്റെ ആക്രമണം.

കഴിഞ്ഞ ദിവസമാണ് ട്രംപ് വിവാദ വീഡിയോകള്‍ ട്വീറ്റ് ചെയ്തത്. മുസ്‌ലിം വിരുദ്ധവും വിദ്വേഷം വളര്‍ത്തുന്നതുമായ ട്വീറ്റ് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബ്രിട്ടണിലെ തീവ്ര വലതു പാര്‍ട്ടിയായ ബ്രിട്ടണ്‍ ഫസ്റ്റ് നേതാവ് ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററിലിട്ട വീഡിയോകള്‍ ട്രംപ് റീട്വീറ്റ് ചെയ്യുകയായിരുന്നു.മുസ്‌ലിംകള്‍ കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിടുന്നുവെന്ന കുറിപ്പോടെയാണ് ഒന്നാമത്തെ വീഡിയോ. കന്യാമറിയത്തിന്റെ പ്രതിമ തച്ചുടക്കുന്ന മുസ്‌ലിംകള്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു രണ്ടാമത്തെ വീഡിയോ. മൂന്നാമത്തെ വീഡിയോയില്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ ഡച്ച് ബാലനെ ആക്രമിക്കുന്നുവെന്ന അടിക്കുറിപ്പും നല്‍കിയിരുന്നു.

പള്ളികള്‍ നിര്‍മിക്കുന്നതിനെതിരെയും ഇസ്‌ലാമിനെതിരെയും വ്യാപകമായി പ്രചരണം നടത്തുന്നവരാണ് ബ്രിട്ടണ്‍ ഫസ്റ്റ് എന്ന പാര്‍ട്ടി. ‘ബ്രിട്ടന്റെ ഇസ്‌ലാമിക വല്‍ക്കരണത്തി’നെതിരെ എന്ന ക്യാംപയിനും ഇവര്‍ നടത്തിയിരുന്നു.