ഹാദിയയെ വിവാഹം കഴിച്ചയാള്‍ ഭീകരവാദിയും തീവ്രവാദിയുമാണെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല:എന്‍ എസ് മാധവന്‍

ദോഹ: ഹാദിയയെ വിവാഹം കഴിച്ചയാള്‍ ഭീകരവാദിയും തീവ്രവാദിയുമാണെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല എന്ന് എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എന്‍ എസ് മാധവന്‍. ഹാദിയ വിഷയത്തില്‍ കുട്ടിയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നതാണ് കേരളീയ പൊതുസമൂഹത്തിന്റെ അഭിപ്രായം.തനത് സാംസ്‌ക്കാരിക വേദി ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.

ഹാദിയയുടെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനം അവരുടെ വാദം ശക്തിപ്പെടുത്താനുള്ള ശ്രമം മാത്രമായി കണ്ടാല്‍ മതിയാകും. ഹാദിയയുടെ അമ്മ മധ്യവര്‍ഗ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയുടെ മതം മാറ്റവും അനുബന്ധ സംഭവങ്ങളും കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമായിട്ടില്ലെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

കേരളത്തിലെ സാധാരണ പെണ്‍കുട്ടികളില്‍ നിന്നും വിഭിന്നമായി ഏറെ തന്റേടത്തോടു കൂടിയാണ് ഹാദിയയുടെ പെരുമാറ്റമുണ്ടായത്. സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. മൊബൈലില്‍ മുഖം പൂഴ്ത്തി തല താഴ്ത്തിയിരിക്കുന്ന പുതിയ പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തയായി ഉറക്കെ പറയാന്‍ ധൈര്യം കാണിച്ചതു തന്നെയാണ് ഹാദിയയെ വ്യത്യസ്തയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദികള്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്നും ഗോഡ്‌സെ ഉള്‍പ്പെടെ എത്രയോ കൊടും കുറ്റവാളികള്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയയെ വിവാഹം കഴിച്ചയാള്‍ തീവ്രവാദിയാണെങ്കില്‍ അദ്ദേഹത്തെ നിയമത്തിന്റെ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. അത്തരം ആരോപണങ്ങള്‍ കണ്ടെത്താന്‍ ആവശ്യമായ രീതിയില്‍ നമുക്ക് സംവിധാനങ്ങളുണ്ടെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇപ്പോള്‍ ഏട്ടിലെ പശുവാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ എല്ലാ കാലത്തും വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്രപതി ശിവജിയുടെ ജീവചരിത്രം എഴുതിയതിന്റെ പേരില്‍ മറാത്തയില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അവിടുത്തെ അതിപുരാതനമായ ഗ്രന്ഥശേഖരം അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ക്രിമിനല്‍ പ്രൊസീജിയര്‍ ആയും ചില ഗ്രൂപ്പുകള്‍ സംഘടിതമായുമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യകാല ഇന്ത്യാ ചരിത്രമാണ് ഇപ്പോള്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് ഇടയാകുന്നത്. ബ്രിട്ടീഷുകാര്‍ക്കു മുമ്പുള്ള മുഗള്‍ ഭരണാധികാരികളുടേയും ടിപ്പു സുല്‍ത്താന്റേയും പ്രവര്‍ത്തനങ്ങളുടെ ഓരോ അംശവുമെടുത്ത് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ