സഹകരണബാങ്ക് നിലനില്‍ക്കണമെന്ന് ഒരു സാധാരണക്കാരന്റെ തുറന്നുപറച്ചില്‍

ദേശസാല്‍കൃത ബാങ്കുകള്‍ ഭവന വായ്പ നിഷേധിച്ചപ്പോള്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ് വായ്പ നല്‍കാന്‍ തയ്യാറായതെന്ന് ജ്യോതിഷിയായ അനില്‍ വെളിച്ചപ്പാടന്‍ വ്യക്തമാക്കുന്നു.

സഹകരണബാങ്ക് ഒരു അവശ്യഘടകമാണോ?
—————
ഞാനൊരു സാധാരണക്കാരനാണ്. ജ്യോതിഷവും വാസ്തുവുമാണ് എന്റെ തൊഴില്‍. പഴയ വീട് ചോര്‍ന്നുതുടങ്ങി. മഴ തുടങ്ങിയാല്‍ വസ്തുവില്‍ വെള്ളം കെട്ടിനില്‍ക്കും. ജ്യോതിഷം നോക്കാന്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സ്ഥലംപോലും എന്റെ വീട്ടില്‍ ഇല്ലായിരുന്നു. ദയനീയം എന്ന് പറയാവുന്ന അവസ്ഥ. കരുനാഗപ്പള്ളി താലൂക്കില്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ ടിപ്പര്‍ ലോറിയെത്തുന്ന റോഡ് സൈഡില്‍ 13.5 സെന്റ് വസ്തുവാണ് എനിക്കുള്ളത്.

അനില്‍ വെളിച്ചപ്പാടന്‍
അനില്‍ വെളിച്ചപ്പാടന്‍

ഒരു ലക്ഷം രൂപയുടെ ഒരു ചിട്ടിയുണ്ടായിരുന്നത് ഞങ്ങള്‍ക്ക് ലഭിച്ചു. എങ്കില്‍ ബാങ്ക് ലോണ്‍ സഹിതം ഒരു വീടിന്റെ കാര്യം ആലോചിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കരുനാഗപ്പള്ളിയിലെ സകല ദേശസാല്‍കൃത ബാങ്കുകളിലും ഒരു ഹൗസിംഗ് ലോണിനായി ഞാന്‍ പൊരിവെയിലത്ത് കയറിയിറങ്ങി. ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല, ഞാന്‍ ഇന്‍കംടാക്‌സ് നല്‍കുന്നയാളല്ല എന്ന കാരണത്താല്‍ ഇവിടെയുള്ള ഒരൊറ്റ ദേശസാല്‍കൃത ബാങ്കും എനിക്ക് ലോണ്‍ നല്‍കിയില്ലെന്ന് മാത്രമല്ല, എന്നെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

അവസാനം കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്കിലെത്തി. അങ്ങനെ ഞാന്‍ ആ മാനേജരോട് കാര്യങ്ങള്‍ വിശദീകരിച്ചു. ‘എന്റെ ജോലി ജ്യോതിഷവും വാസ്തുവുമാണ്, എന്റെ ജ്യോതിഷാലയത്തിന് ലൈസന്‍സുണ്ട്, സ്വന്തം വെബ്‌സൈറ്റ് ഉണ്ട്, എന്റെ വെബ്‌സൈറ്റ് വഴി ചെറിയ തുകകള്‍ എന്റെ അക്കൗണ്ടില്‍ എത്തുന്നതിന് ‘പേയ്‌മെന്റ് ഗേറ്റ് വേ’ എന്ന സംവിധാനമുണ്ട്, എന്റെ ഭാര്യയ്ക്ക് സ്വന്തമായി ബ്യൂട്ടിപാര്‍ലറുണ്ട്, കഴിഞ്ഞ 15 വര്‍ഷങ്ങളായി ഞാന്‍ പണമിടപാട് നടത്തുന്ന ബാങ്കാണ്, എനിക്ക് വീട് നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപയുടെ ഒരു ലോണ്‍ ദയവായി നല്‍കണം….’ എന്ന് പറഞ്ഞു.

എനിക്കിന്നും നല്ല ഓര്‍മ്മയുണ്ട്.. വെയിലത്ത് ഓരോ ബാങ്കുകളിലും കയറിയിറങ്ങി വിയര്‍ത്ത്, ക്ഷീണിച്ച് കയറിച്ചെന്ന എന്നോട് ‘ഇരിക്കൂ..’ എന്നുപോലും ഫെഡറല്‍ ബാങ്കിന്റെ അന്നത്തെ ആ മാനേജര്‍ പറഞ്ഞിരുന്നില്ല. പക്ഷെ, അവരുടെ പ്രമുഖരായ ചില സ്ഥിരം ഇടപാടുകാരായ ചിലരെ ബഹുമാനിച്ച് ഇരുത്തുകയും ചെയ്തു.

‘നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല, ഇന്‍കം ടാക്‌സും അടയ്ക്കുന്നില്ല. നിങ്ങള്‍ക്ക് ഇവിടെ നിന്നും ലോണ്‍ നല്‍കാന്‍ പ്രയാസമാണ്. അത്യാവശ്യമാണെങ്കില്‍ വല്ല സര്‍വ്വീസ് സഹകരണബാങ്കിലും പോയി ചോദിച്ചോളൂ….’ എന്ന് മാനേജരുടെ ഉപദേശം വന്നു.

‘ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തിരിച്ചടയ്ക്കുന്നതിനേക്കാള്‍ എനിക്ക് സാധിക്കും. പിന്നെന്താണ് പ്രശ്‌നം? ഈ ബാങ്കില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്‍കം ടാക്‌സ് നല്‍കുന്നവര്‍ക്കും മാത്രമേ നിങ്ങള്‍ ലോണ്‍ നല്‍കുകയുള്ളൂവെന്ന് ഒന്ന് എഴുതി നല്‍കാമോ…’ എന്ന് ഞാനും ചോദിച്ചു. അയാള്‍ എന്നെ മൈന്‍ഡ് ചെയ്യാതെ അവരുടെ സ്ഥിരം കസ്റ്റമറെ ഡീല്‍ ചെയ്തുതുടങ്ങി.

(അദ്ദേഹം എന്നോട് കാണിച്ച അപമര്യാദ ഒരു പരാതിയായി അവരുടെ ആലുവയിലെ ഹെഡ് ഓഫീസ്സില്‍ പറയുകയും അവരുടെ നിര്‍ദ്ദേശപ്രകാരം എന്നെ അടുത്ത ദിവസം ഇദ്ദേഹം വിളിച്ചുവരുത്തി, ലോണ്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ‘നാളെ കരുനാഗപ്പള്ളിയിലൂടെ തെണ്ടാനാണ് എന്റെ വിധിയെങ്കിലും കുഴപ്പമില്ല…. എന്നാലും നിങ്ങളുടെ ലോണ്‍ എനിക്കിനി ആവശ്യമില്ല’ എന്ന് ഞാന്‍ ധൈര്യമായി അദ്ദേഹത്തോട് പറയുകയുമുണ്ടായി)

കരുനാഗപ്പള്ളിയിലെ ഫെഡറല്‍ ബാങ്കിന്റെ തൊട്ടു തെക്കുവശമായിരുന്നു അന്ന് കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ മെയിന്‍ ബ്രാഞ്ച് (ഇപ്പോള്‍ ലാലാജി ജംഗ്ഷന് പടിഞ്ഞാറാണ്) ഞാന്‍ ആകെ വിഷമിച്ച്, വളരെ സങ്കടപ്പെട്ട് ജില്ലാ സഹകരണ ബാങ്കിന്റെ മാനേജരെ ചെന്നുകണ്ടു. എന്റെ കാര്യങ്ങള്‍ അദ്ദേഹത്തോടും വിശദീകരിച്ചു; പ്രമാണവും മറ്റും കാണിക്കുകയും ചെയ്തു. എനിക്ക് ആവശ്യമുള്ള തുക ഞാന്‍ ചോദിച്ചു. എല്ലാം കേട്ടതിന് ശേഷം, പ്രമാണങ്ങള്‍ പരിശോധിച്ച ശേഷം അദ്ദേഹം ഒരു ലിസ്റ്റ് തന്നു. അതായത്, ലോണിന്റെ പ്രോസസ്സിംഗ് ആരംഭിച്ചുകഴിഞ്ഞുവെന്ന് സാരം.

എനിക്ക് മൂന്നാമത്തെ ആഴ്ചയില്‍ കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ കരുനാഗപ്പള്ളി മെയിന്‍ ബ്രാഞ്ചില്‍ നിന്നും 10 ലക്ഷം രൂപയുടെ ലോണ്‍ ലഭിച്ചു. ദൈവകൃപയാല്‍ ഞങ്ങള്‍ കൃത്യമായി തിരിച്ചടവും നടത്തുന്നുണ്ട്. ഈ ബാങ്കിലെ എല്ലാ ജീവനക്കാരുമായി ഒരു ഹൃദയബന്ധം ഉള്ളതുപോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്റെ കയ്യില്‍ നിന്നും 6500 രൂപയാണ് പ്രോസസ്സിംഗ് ഫീസായി ഈ ബാങ്ക് വാങ്ങിയത്. ഈയിടെ 10 ലക്ഷം രൂപ ആ ഫെഡറല്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത എന്റെ ഭാര്യാസഹോദരന്റെ കയ്യില്‍ നിന്നും അവര്‍ 14,000 രൂപയാണ് വാങ്ങിയത് നിങ്ങള്‍ പറയൂ…. സാധാരണക്കാരന്‍ ഏത് ബാങ്കിനെയാണ് ആശ്രയിക്കേണ്ടത്?

സഹകരണബാങ്കിന്റെ സഹായഹസ്തം വന്നതിനാല്‍ ഞങ്ങള്‍ പുതിയ വീട് നിര്‍മ്മിച്ചു; അതില്‍ എനിക്ക് ജ്യോതിഷം നോക്കാനായി ഒരു പ്രത്യേക റൂമും നിര്‍മ്മിക്കുകയുണ്ടായി.

സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ പണക്കാര്‍ വലിയ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഞങ്ങള്‍, പാവങ്ങള്‍ എന്തിനാണ് അറിയുന്നതും അന്വേഷിക്കുന്നതും? അതൊക്കെ നിങ്ങള്‍ സര്‍ക്കാരും ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുമാണ് അന്വേഷിക്കേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗമില്ലാത്തവര്‍ക്കും ഇന്‍കം ടാക്‌സ് നല്‍കാത്തവര്‍ക്കും ലോണ്‍ എടുത്ത് വീട് വെക്കണ്ടേ? അവരുടെ മക്കളുടെ വിവാഹം നടത്തേണ്ടേ?

സഹകരണ ബാങ്കുകള്‍ സാധാരണക്കാരന് കൈത്താങ്ങാകുന്നത് എങ്ങനെയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? സര്‍ക്കാര്‍ ബാങ്കുകള്‍ നിങ്ങള്‍ക്ക് എന്താണ് നല്‍കുന്നത്? സ്വയം ചിന്തിച്ചുനോക്കൂ… എന്നിട്ട് പറയൂ, ഇവിടെ സഹകരണ ബാങ്കുകള്‍ തുടരുകതന്നെ ചെയ്യണമെന്ന്.

സസ്‌നേഹം,
അനില്‍ വെളിച്ചപ്പാടന്‍.